ജിദ്ദ: കലാലയം സാംസ്കാരിക വേദിയുടെ 13ാമത് സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച മദീനയിൽ നടക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് വിഭാഗങ്ങളിലായി 67 കലാ, സാഹിത്യ, വൈജ്ഞാനിക മത്സരഇനങ്ങൾ 11 വേദികളിലായി നടക്കും.
അസീർ, ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, യാംബു, മദീന, ത്വാഇഫ്, മക്ക, തബൂക്ക്, ജിസാൻ തുടങ്ങി പത്ത് സോണുകളാണ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മാറ്റുരക്കുക. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ 500 പ്രതിഭകൾ മദീനയിൽ മാറ്റുരക്കും. ‘പ്രവാസം പുനർ നിർവചിക്കാൻ യുവത്വത്തിന് സാധിക്കുന്നുവോ’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർ സംബന്ധിക്കുന്ന സംവാദവും, ‘പാട്ടുകളുടെ സാംസ്കാരിക വിപ്ലവം’ എന്ന വിഷയത്തിൽ സംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചയും സാഹിത്യോത്സവ് നഗരിയിൽ നടക്കും.
രാവിലെ എട്ട് മുതൽ തുടങ്ങുന്ന പരിപാടിയിൽ ഉദ്ഘാടന സമ്മേളനം, വൈകീട്ട് ആറിന് സമാപന സംഗമം, ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം, അടുത്ത ദേശീയ സാഹിത്യോത്സവ് വേദിയുടെ പ്രഖ്യാപനം എന്നിവ മത്സരങ്ങൾക്ക് പുറമെ നടക്കും. സാഹിത്യോൽസവിനായി വിവിധ പ്രദേശങ്ങളിൽനിന്നും എത്തുന്ന പ്രതിഭകൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് സ്വാഗത സംഘത്തിന് കീഴിൽ നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 30 വയസ്സ് വരെ പ്രായമുള്ള യുവതി, യുവാക്കൾക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീ മത്സരമാണ് സാഹിത്യോത്സവമെന്നും ഭാരവാഹികൾ അറിയിച്ചു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി നൗഫൽ എറണാകുളം, സൗദി വെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, ഭാരവാഹികളായ ഉമൈർ മുണ്ടോളി, ഫസീൻ അഹമ്മദ്, ഇർഷാദ് കടമ്പോട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.