റിയാദ്: സൗദി വോളിബാൾ ഫെഡറേഷൻ സംഘടിപ്പിച്ച വനിതാ ലീഗ് ടൂർണമെന്റിൽ ജിദ്ദയിലെ അൽ അഹ്ലി ക്ലബ് ജേതാക്കളായി. മൂന്നുലക്ഷം റിയാലിന്റെ പ്രൈസ് മണിയും ഗോൾഡ് മെഡലും ട്രോഫിയും വിജയികൾക്കു ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ റിയാദിലെ അൽ നാസർ ക്ലബ് രണ്ടര ലക്ഷം റിയാലും സിൽവർ മെഡലും സുൽഫി ക്ലബ് രണ്ട് ലക്ഷം റിയാലും വെങ്കല മെഡലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സൗദി വോളിബാൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹനാൻ അൽ ഖഹ്ത്വാനി, ബന്ദർ റാഷിദ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫെബ്രുവരി ആദ്യവാരം ജിദ്ദയിൽ ആരംഭിച്ച മത്സരങ്ങളുടെ അവസാന ഘട്ടമാണ് റിയാദിൽ നടന്നത്. അൽ നാസർ, സുൽഫി, ഇത്തിഹാദ്, അൽ അഹ്ലി, അൽ ഫൈദ്, അൽ ഖാദിസിയ്യ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് വീതം ടീമുകളുടെ രണ്ട് ഗ്രൂപ്പുകളായിട്ടാണ് ലീഗിൽ ഏറ്റുമുട്ടിയത്. അൽ അഹ്ലി, അൽ നാസർ, സുൽഫി, ഇത്തിഹാദ് എന്നീ ക്ലബ്ബുകൾ ഒന്ന് മുതൽ നാല് വരെ റാങ്കുകൾ കരസ്ഥമാക്കി. ആവേശകരമായി നടന്ന ഫൈനൽ പോരാട്ടത്തിൽ അൽ അഹ്ലി ക്ലബ്ബാണ് കപ്പിൽ മുത്തമിട്ടത്. സൗദി, ഫിലിപ്പീൻസ് പ്രഫഷനൽ താരങ്ങളാണ് ക്ലബ്ബുകളിൽ അണിനിരന്നത്.
ടൂർണമെൻറിലെ മികച്ച കളിക്കാരായി ഉമൈമ, അത്തനാസിയ, റിച്ചാന, യോന (അറ്റാക്കർമാർ), സാഷിക്കോ (സെറ്റർ), ഫാത്തിമ റാഹ (മിഡിൽ ബ്ലോക്കർ), ലിന (ലിബറോ), നൈറ ഫെറീന (മികച്ച താരം) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.