റിയാദ്: സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘സിറിയം’ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മേയ് മാസത്തിലും സൗദി എയർ ലൈൻസായിരുന്നു ഒന്നാമത്.
വിമാനങ്ങൾ പുറപ്പെടുന്ന കാര്യത്തിൽ 88.12 ശതമാനവും എത്തിച്ചേരുന്ന കാര്യത്തിൽ 88.15 ശതമാനവും സമയനിഷഠ സൗദി എയർലൈൻസ് പാലിച്ചതായി റിപ്പോർട്ട് സൂചിപ്പിച്ചു. 16,503 വിമാന സർവിസുകൾ നടത്തി നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്.
സമയനിഷ്ഠ അതിഥികളുടെ സംതൃപ്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് എല്ലാ ‘സൗദിയ’ ജീവനക്കാർക്കും ഒരു പ്രധാന ലക്ഷ്യമാക്കിയതായി സൗദി ഗ്രൂപ് ജനറൽ മാനേജർ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ പറഞ്ഞു. വർഷം മുഴുവനുമുള്ള അതിന്റെ വിമാനങ്ങളുടെ പ്രകടനത്തിലും പീക്ക് സീസണുകളിലും ഇത് പ്രതിഫലിച്ചു.
ഈ രംഗത്ത് മികവ് നിലനിർത്തുന്നതിന് വ്യോമഗതാഗത വ്യവസായത്തിൽ പ്രതീക്ഷിക്കുന്ന നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിച്ചത് സൗദി ഗ്രൂപ് സംവിധാനത്തിന്റെ സംയോജിത പ്രവർത്തനത്തിന്റെയും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും പ്രകടനത്തിന്റെ ഫലമാണെന്നും സൗദിയ ഗ്രൂപ് ജനറൽ മാനേജർ പറഞ്ഞു.
103 പുതിയ വിമാനങ്ങൾ കൂടി സൗദിയ വരും വർഷങ്ങളിൽ സ്വന്തമാക്കും. പുതിയ അന്താരാഷ്ട്ര സ്റ്റേഷനുകളുടെ വരവോടെ നിലവിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിലെ ഇരിപ്പിട ശേഷി ഇരട്ടിയാക്കാനുള്ള സമാന്തരപദ്ധതിയും ഇതോടൊപ്പം ഉണ്ടാകും.
ലോകത്തെ സൗദിയുമായി ബന്ധിപ്പിക്കുകയും ‘വിഷൻ 2030’യുമായി ബന്ധപ്പെടുത്തിയിട്ടുള്ള നിരവധി ദേശീയ തന്ത്രങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഏറ്റവും പുതിയ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ജീവനക്കാരുടെ കാര്യക്ഷമതയെയും വൈദഗ്ധ്യത്തെയും ആശ്രയിച്ചും വിമാന ഷെഡ്യൂളുകൾ നിയന്ത്രിക്കുന്നത് തുടരാനുമുള്ള ശ്രമങ്ങൾ ഇരട്ടിയാക്കുമെന്നും സൗദിയ ഗ്രൂപ് ജനറൽ മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.