റിയാദ്: സൗദി അറേബ്യയിലെ ഏറ്റവുംവലിയ ഭക്ഷ്യമേളക്ക് ഈ മാസം 20ന് റിയാദിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഭക്ഷ്യവസ്തുക്കളുടെ നിർമാതാക്കളും വിതരണക്കാരും പാചകക്കാരും മേളയിലെത്തും. 500ലധികം പ്രദർശകരും ആയിരത്തിലേറെ നൂതന ആശയങ്ങളും ചർച്ചചെയ്യുന്ന നഗരിയിൽ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ വിശാല ലോകം തുറക്കും.
30 ലേറെ ഇന്ത്യൻ കമ്പനികൾക്ക് മേളയിൽ പവിലിയനുകളുണ്ട്. വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ ഇബ്രാഹീം അൽ ഖുറൈഫ്, ജല -പരിസ്ഥിതി കൃഷിവകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലി എന്നിവർ പങ്കെടുക്കും. പ്രദർശന നഗരിയിൽ നടക്കുന്ന ഫുഡ് സമ്മിറ്റിൽ ഭക്ഷ്യ വ്യവസായ മേഖലകളിലെ പ്രമുഖർ സംസാരിക്കും. ആഗോള ഭക്ഷ്യവിപണി നേരിടുന്ന വെല്ലുവിളികളും പുതുതായി ഉണ്ടാകേണ്ട കാൽവെപ്പുകളും വിവിധ സമ്മിറ്റുകൾ ചർച്ചചെയ്യും.
മുകാതഫ സി.ഇ.ഒ പ്രിൻസ് വലീദ് ബിൻ നാസർ അൽ സഊദ്, ഇന്ത്യൻ ചേംബർ ഓഫ് ഫുഡ് ആൻഡ് അഗ്രിക്കൾചറൽ ചെയർമാൻ എം.ജെ. ഖാൻ, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, പെപ്സികോ സൗദി ഫുഡ് യൂനിറ്റ് ജനറൽ മാനേജർ ക്രിസ് അബൗഡ്, തമീമി മാർക്കറ്റ് സി.ഇ.ഒ ബോബി രാജേന്ദ്രൻ തുടങ്ങി ഭക്ഷ്യ, അനുബന്ധ വിപണിയിലെ പ്രമുഖർ വിവിധ പാനലുകളിൽ സംസാരിക്കും. വിവിധ മേഖലകളിൽ രാജ്യത്തുണ്ടാകുന്ന അതിവേഗ മാറ്റത്തോടൊപ്പം ഭക്ഷ്യ വിപണിയും വളരുന്നുണ്ട്.
രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം ഭക്ഷ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. സൗദിയിലെ ഏറ്റവും വലിയ ഡെയറി ഉൽപന്ന കമ്പനിയായ അൽ മറായി പോൾട്രി മേഖലയിൽ 1.2 ബില്യൺ ഡോളറിന്റെ വിപുലമായ പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്.
റസ്റ്റാറന്റ് മേഖലയിലും സ്വദേശ, വിദേശ നിക്ഷേപം വർധിക്കുന്നുണ്ട്. എല്ലാ രീതിയിലും അനുകൂലമായ സാഹചര്യമുള്ള സമയത്ത് നടക്കുന്ന മേള ആഗോള കമ്പനികളുമായി ബന്ധപ്പെടാനും അവരുടെ ഉൽപന്നങ്ങളെക്കുറിച്ചറിയാനും ഇറക്കുമതി, കയറ്റുമതി സാധ്യതകൾ ചർച്ച ചെയ്യാനും വേദിയാകും. റിയാദ് അന്താരാഷ്ട്ര പ്രദർശന ഹാളിൽ നടക്കുന്ന മേള ജൂൺ 20ന് ആരംഭിച്ച് 22ന് അവസാനിക്കും. www.thesaudifoodshow.com വെബ്സൈറ്റ് വഴി സന്ദർശകർക്ക് പ്രവേശനാനുമതിക്ക് അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.