റിയാദ്: പ്രിയ നേതാവിന്‍റെ വിയോഗത്തിൽ അനുശോചിക്കാനും മയ്യിത്ത് നമസ്കരിക്കാനുമായി പ്രവൃത്തി ദിവസമായിട്ടും റിയാദിലെ മലയാളി സമൂഹത്തിൽ നല്ലൊരു പങ്ക് ബത്ഹയിലേക്ക് ഒഴുകിയെത്തി.
അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുശോചന യോഗത്തിനെത്തിയ ജനങ്ങളെ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിന് ഉൾക്കൊള്ളാനായില്ല. കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്.
ചൈതന്യവത്തായ കർമ സരണിയിലൂടെ ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചിച്ചവർ അഭിപ്രായപ്പെട്ടു. ജാതി-മത-രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ തന്നോട് ചേർത്തുനിർത്തിയ തങ്ങൾ ദുരിതകാലത്തെല്ലാം വേദനിക്കുന്നവർക്ക് മുന്നിൽ ആശ്രയമായി നിലകൊണ്ടു.
റിയാദ് സന്ദർശിച്ച വേളയിലെ അനുഭവങ്ങൾ പങ്കുവെച്ച ഭാരവാഹികൾ തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തെയും ഇടപെടലുകളെയും എടുത്തുപറഞ്ഞു.
തങ്ങളുടെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ചൂണ്ടിക്കാട്ടി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു.
നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, കുഞ്ഞി കുമ്പള (ഒ.ഐ.സി.സി), ഷാഫി ദാരിമി (എസ്.ഐ.സി), സുബ്രഹ്മണ്യൻ (കേളി), റഷീദ് (സിജി), റഹ്മത്ത് ഇലാഹി (തനിമ), സനൂപ് പയ്യന്നൂർ (പി.എസ്.വി), അഫ്താബ് റഹ്മാൻ (റിയാദ് മീഡിയഫോറം), ഇബ്രാഹിം സുബ്ഹാൻ, ടി.പി. അഹമ്മദ്, യു.പി. മുസ്തഫ, എസ്.വി. അർഷുൽ അഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര, നാസർ ലാൽപ്പേട്ട് (തമിഴ് പേരവൈ) എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഷാഹിദ് മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അബ്ദുസ്സലാം തൃക്കരിപ്പൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ബാവ താനൂർ, സിദ്ദീഖ് കോങ്ങാട്, പി.സി. അലി, മാമുക്കോയ ഒറ്റപ്പാലം, കെ.ടി. അബൂബക്കർ, സിദ്ദീഖ് തൂവ്വൂർ, അബ്ദുൽ മജീദ് പയ്യന്നൂർ, സഫീർ തിരൂർ, നൗഷാദ് ചാക്കീരി എന്നിവർ നേതൃത്വം നൽകി. സുഹൈൽ കൊടുവള്ളി ഖിറാഅത്ത് നടത്തി. മയ്യിത്ത് നമസ്കാരത്തിന് അബൂബക്കർ ഫൈസി വെള്ളിലയും പ്രാർഥനക്ക് ബഷീർ ഫൈസി ചുങ്കത്തറയും നേതൃത്വം നൽകി.
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഘടകങ്ങൾ അനുശോചിച്ചു
ദമ്മാം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി. മുസ്ലിം കൈരളിയുടെ അമരത്തുനിന്നു കൊണ്ട് ദേശീയ സംസ്ഥാന തലത്തിൽ രാജ്യത്തിന്‍റെ മതേതര നിലപാടിന്‍റെ പ്രതീകമായി നിലകൊണ്ട, ജനമനസ്സുകളിൽ കാരുണ്യസ്പർശം ചൊരിഞ്ഞ നേതാവായിരുന്നു തങ്ങളെന്ന് കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച ജനകീയ നേതാവിനെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ നഷ്ടമായതെന്ന് അൽഖോബാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ അനുസ്മരിച്ചു. ദമ്മാം കെ.എം.സി.സി കേന്ദ്രകമ്മിറ്റി, ഖത്വീഫ് സെൻട്രൽ കമ്മിറ്റി എന്നിവയും അനുശോചിച്ചു. സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി നടത്തുന്ന കെ.എം.സി.സി കേരള ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ പ്രവാസികളുടെ വിഷയത്തിൽ വളരെ ശ്രദ്ധ പുലർത്തിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ നിരാലംബരായ നിരവധി പേർക്ക് ചികിത്സ ഭവന നിർമാണ സഹായങ്ങളിൽ നേതൃപരമായ ഇടപെടൽകൊണ്ട് ഹൈദരലി തങ്ങൾ അവർക്കൊപ്പം സഞ്ചരിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു
ദമ്മാം: ഇസ്ലാമിക പണ്ഡിതനും മുസ്ലിം ലീഗ് അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലാളിത്യവും സൗമ്യതയും കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം കരസ്ഥമാക്കാന്‍ സാധിച്ച വ്യക്തിത്വമാണ് ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം.
കേരളത്തിലെ സമുദായ, രാഷ്ട്രീയ നേതൃസ്ഥാനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ശിഹാബ് തങ്ങളുടെ വിയോഗം സാംസ്‌കാരിക കേരളത്തിനു തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പങ്കുചേരുന്നതായും കുറിപ്പിൽ വ്യക്തമാക്കി.
മതേതര മുഖം -ഒ.ഐ.സി.സി ദമ്മാം
ദമ്മാം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേരളത്തിന്‍റെ സാമൂഹിക മേഖലയിലെ സൗമ്യ മുഖവും മതേതരത്തിന്‍റെ വക്താവുമായിരുന്നുവെന്ന് ദമ്മാം ഒ.ഐ.സി.സി അനുസ്മരിച്ചു. കേരളീയ പൊതുസമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും അനുസ്മരിക്കപ്പെടും. യു.ഡി.എഫിന്‍റെ കരുത്തും ഊർജവുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യു.ഡി.എഫിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ഭാരവാഹികളായ അഹമ്മദ് പുളിക്കൽ, ബിജു കല്ലുമല, അബ്ദുൽ ഹമീദ്, ഹനീഫ് റാവുത്തർ, ചന്ദ്ര മോഹൻ, റഫീഖ് കൂട്ടിലങ്ങാടി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നികത്താനാവാത്ത വിടവ് -'പ്രവാസി'
ദമ്മാം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ സമൂഹത്തിൽ നികത്താനാവാത്ത വിടവാണെന്നും സമുദായ നേതാവ് എന്നതിലുപരി രാഷ്ട്രീയ ആത്മീയ നേതൃത്വത്തിലെ കരുത്തുറ്റ നേതാവിനെയാണ് കേരളീയ സമൂഹത്തിന് നഷ്ടമായതെന്നും പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളീയ നവോത്ഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും മുസ്ലിം സമുദായത്തിന്‍റെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി അദ്ദേഹം ഹൃദ്യമായ നിലപാടുകൾ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സംഘടനക്കുമൊപ്പം പ്രവാസി സാംസ്കാരിക വേദിയും പങ്കുചേരുന്നതായും കുറിപ്പിൽ പറഞ്ഞു.
മതനിരപേക്ഷ നിലപാട്ഉ യർത്തിപ്പിടിച്ചു -തുഖ്ബ കെ.എം.സി.സി
ദമ്മാം: മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുസ്ലിം രാഷ്ട്രീയ സംഘശക്തിക്ക് കരുത്തുനൽകിയ അമരക്കാരനാണ് ഹൈദരലി തങ്ങളെന്ന് തുഖ്ബ കെ.എം.സി.സി. ജീവകാരുണ്യ പ്രവർത്തനത്തനങ്ങൾക്ക് കരുത്തുനൽകി, ആത്മീയ രംഗത്ത് ശോഭ നിലനിർത്തിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു തങ്ങളെന്നും തങ്ങളുടെ വേർപാട് മത-രാഷ്ട്രീയ രംഗത്ത് സൃഷ്‌ടിക്കുന്ന വിടവ് നികത്താനാവാത്തതാണെന്നും സെന്‍ട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഉമർ ഓമ്മശ്ശേരി, ജനറൽ സെക്രട്ടറി ജമാൽ മീനങ്ങാടി, പ്രൊവിൻസ് സെക്രട്ടറി സലിം അരീക്കാട്, ട്രഷറർ അഷറഫ് ക്ലാരി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അനുശോചിച്ചു
ജിദ്ദ: മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ അതുല്യ പ്രതിഭയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം അനുശോചിച്ചു. കേരളത്തിന്റെ മത സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകളർപ്പിച്ച നേതാവായിരുന്നു ആദരണീയനായ തങ്ങൾ. തങ്ങളുമായി താഴെ തട്ടിലുള്ളവർക്കുവരെ ഉണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നു. സൗഹാർദവും സഹിഷ്ണുതയും ജീവിതചര്യയാക്കിയ തങ്ങളുടെ നിര്യാണം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിശ്ചിത മേഖലയിൽ ഒതുക്കി നിർത്താതെ സർവരംഗത്തും നിറസാന്നിധ്യമായിരുന്നു തങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.