യാംബു: സ്കൂൾ അധ്യാപകരിലും പ്രിൻസിപ്പൽമാരിലും ഏറ്റവും പ്രായം കുറഞ്ഞവർ സൗദിയിലാണെന്ന് പഠനം. ടീച്ചിങ് ആൻഡ് ലേണിങ് ഇൻറർനാഷനൽ സർവേ റിപ്പോർട്ടിലാണ് ഇത്. സൗദി സ്കൂൾ അധ്യാപകരുടെ ശരാശരി പ്രായം 38ഉം സ്കൂൾ പ്രിൻസിപ്പൽമാരുടേത് ശരാശരി 43ഉം ആണെന്നാണ് പഠനം. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപറേഷൻ ആൻഡ് െഡവലപ്മെൻറിെൻറ (ഒ.ഇ.സി.ഡി) മേൽനോട്ടത്തിലാണ് അന്തരാഷ്ട്ര സർവേ നടത്തിയത്. 48 രാജ്യങ്ങളിൽനിന്നുള്ള 15,000 സ്കൂളുകളെയും 2,60,000 അധ്യാപകരെയും സർവേയിൽ ഉൾപ്പെടുത്തി. സൗദിയൊഴിച്ചുള്ള മറ്റു രാജ്യങ്ങളിലെ സ്കൂൾ അധ്യാപകരുടെ ശരാശരി വയസ്സ് 44ഉം പ്രിൻസിപ്പൽമാരുടേത് ശരാശരി 52ഉം ആണെന്നാണ് സർവേയിൽ കണ്ടെത്തിയത്.
സർവേയിൽ ഉൾപ്പെടുത്തിയ സൗദി അധ്യാപകരുടെ പ്രവൃത്തിപരിചയം ശരാശരി 12 വർഷമാണെന്നും മറ്റു രാജ്യങ്ങളിലെ അധ്യാപകരുടെ പ്രവൃത്തിപരിചയം ശരാശരി 16 വർഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസിപ്പലിെൻറ പ്രവൃത്തിപരിചയം സൗദിയിലേത് ശരാശരി എട്ടു വർഷവും മറ്റു രാജ്യങ്ങളിലേത് ശരാശരി ഒമ്പതു വർഷവുമാണ്. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം പൊതുവെ ക്രിയാത്മകമാണെന്ന് പഠനം പറയുന്നു. വിദ്യാർഥി-അധ്യാപക ബന്ധത്തെ ഊഷ്മളമാക്കുന്നതിലൂടെയാണ് ബഹുമുഖ ഫലങ്ങൾ കൈവരിക്കാനാകുന്നതെന്ന് സർവേയിൽ പങ്കെടുത്ത സൗദിയിലെ 96 ശതമാനം അധ്യാപകരും അംഗീകരിക്കുന്നു. വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി രാജ്യപുരോഗതിക്കായി അവ ക്രിയാത്മകമായി ഉപയോഗിക്കാൻ നൂതന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധ്യാപകർ മനസ്സിലാക്കുന്നതായി സർവേ വിലയിരുത്തുന്നു. വിദ്യാഭ്യാസരംഗത്തെ നിലവിലുള്ള അവസ്ഥ പഠിക്കാനും അനന്തസാധ്യതകളെക്കുറിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉതകുന്ന രൂപത്തിലും പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആറു വർഷത്തിലൊരിക്കൽ സർവേ നടത്താറുള്ളത്.
സൗദി വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമീഷൻ (ഇ.ടി.ഇ.സി) രാജ്യത്തെ അധ്യാപകരുടെ വിശദമായ സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ടിരുന്നു. ആഗോളതലത്തിലെ അധ്യാപകരുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ അധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത ഉയർന്നതല്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു. സർവേയിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലെയും 40 ശതമാനം അധ്യാപകരും യൂറോപ്യൻ രാജ്യമായ ഫിൻലൻഡിലെ 90 ശതമാനം അധ്യാപകരും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എന്നാൽ, സൗദിയിലെ ബിരുദാനന്തരബിരുദധാരികളുടെ ശതമാനം രാജ്യത്തിലെ അധ്യാപകരിൽ ആറു ശതമാനത്തിൽ എത്തുന്നില്ല. അധ്യാപകരിൽ ഡോക്ടറേറ്റ് ബിരുദം നേടിയവർ ആയിരത്തിൽ ഒന്നാണ്. രാജ്യത്തെ 90 ശതമാനം അധ്യാപകരും ബാച്ചിലേഴ്സ് ബിരുദം നേടിയവരാണ്. സർവേ റിപ്പോർട്ട് രാജ്യത്തെ സ്കൂൾ അധ്യാപകരുടെ മികവ് വ്യക്തമാക്കുന്നുണ്ടെന്ന് സൗദി വിദ്യാഭ്യാസമന്ത്രി ഡോ. അഹമ്മദ് അൽഈസ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.