റിയാദ്: ശാസ്ത്രാഭിരുചിയും ഗവേഷണാത്മക മനോഭാവവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെ റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച സയൻസ് എക്സ്പോ ‘എക്സ്പിരിമെന്റൽ-23’ ശ്രദ്ധേയമായി. നൂതനമായ ആശയങ്ങൾ പങ്കുവെച്ചും പ്രകൃതിദുരന്തങ്ങൾ ഉൾപ്പടെയുള്ള വിപത്തുകൾ നേരിടാനുള്ള സാങ്കേതികവിദ്യകൾ അവതരിപ്പിച്ചും വിദ്യാർഥികളുടെ പ്രോജക്ടുകൾ വ്യത്യസ്തമായി.
കിങ് സഊദ് യൂനിവേഴ്സിറ്റി അസോ. പ്രഫസറും സുവോളജി ഡിപ്പാർട്ട്മെന്റിലെ ഡി.എൻ.എ റിസർച്ച് മേധാവിയുമായ ഡോ. ഖൈസർ സാക്കിബ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഇത്തരം ഉദ്യമങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗരോർജ മാതൃക, ചാന്ദ്രയാൻ ദൗത്യം, മിസൈൽ ടെക്നോളജി, പരിസ്ഥിതി സൗഹൃദ നഗര മാതൃക, വിവിധ കെമിക്കൽ റിയാക്ഷനുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രോജക്ടുകൾ ഏറെ കൗതുകമുണർത്തി. വിദ്യാർഥികളുടെ സർഗശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ 185 പ്രോജക്ടുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.
എക്സിബിഷന് നേതൃത്വം നൽകിയ സയൻസ് ഡിപ്പാർട്മെന്റിനെ അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ പ്രത്യേകം അഭിനന്ദിച്ചു.
വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ ഫൈറൂസ് ജെബിൻ, നിസാമുദ്ദീൻ എന്നിവർ എക്സ്പോക്ക് നേതൃത്വം നൽകി. ചടങ്ങിൽ മാനേജർമാരായ മുഹമ്മദ് അൽ ഖഹ്താനി, മുനീറ അൽ സഹ്ലി, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ഹമീദാബാനു, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.