ബുറൈദ: അൽഹിജ്ർ പൗരാണിക നഗരത്തിന്റെ മാനത്ത് രാത്രിയുടെ നിശബ്ദതയിൽ വെളിച്ചം കൊണ്ട് ചാരുതയാർന്ന ചിത്രങ്ങൾ വരഞ്ഞ് ഡ്രോണുകളുടെ ഷോ. 'അൽഉല വെൽനെസ് ഫെസ്റ്റി'ന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ഡ്രോൺ ഷോ വിസ്മയം മാത്രമല്ല വിജ്ഞാനവും പകരുന്നതായി.
ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചരിത്രനഗരമായ ഹിജ്‌റിൽ 'സൈലൻസ് ഓഫ് ലൈറ്റ്' (വെളിച്ചത്തിന്റെ നിശ്ശബ്ദത) എന്ന പേരിൽ ഡ്രോണുകൾ പ്രകാശ രശ്മികൾ കൊണ്ട് ആകാശ വിസ്മയം തീർത്തത്. നിശയുടെ നിശ്ശബ്ദതയിൽ 400 ലധികം ഡ്രോണുകൾ 200 മീറ്റർ ഉയരത്തിൽ പറന്നുപൊങ്ങി ആകാശത്ത് പ്രതീകാത്മക ഗോളങ്ങളും പ്രകാശ തരംഗങ്ങളും സൃഷ്ടിച്ചു.
ബ്രിട്ടനിലെയും സിംഗപ്പൂരിലെയും പ്രമുഖ ഡ്രോൺ പെർഫോമൻസ് കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ക്രിയേറ്റീവ് ഡയറക്ടറുമായ പാട്രിക് ഒ. മഹോനിയുടെ നേതൃത്വത്തിലായിരുന്നു ഡ്രോൺ ഷോ അരങ്ങേറിയത്.
പ്രകാശത്തിന്റെ സൃഷ്ടി, ആദ്യത്തെ പ്രകാശ രശ്മിയുടെ ഉത്ഭവം, തിരമാലകളിൽ പ്രകാശം സഞ്ചരിക്കുന്ന രീതി തുടങ്ങിയവയാണ് ഷോയിൽ ആവിഷ്കരിച്ചത്.
അൽഉലയിലെ ശവകുടീരങ്ങളിൽ കാണപ്പെടുന്ന പുരാതന സൂര്യഘടികാരത്തെ പ്രദർശനത്തിൽ പുനരാവിഷകരിച്ചത് കൗതുകമുണർത്തി. കലാകാരൻമാർക്ക് അവരുടെ അവിഷ്കാരത്തിന് പറ്റിയ സ്ഥലമാണ് അൽഹിജ്ർ എന്ന് പറഞ്ഞ മഹോനി തന്റെ പ്രദർശനത്തിന് അവസരമൊരുക്കിയ റോയൽ കമീഷനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.