ജിദ്ദ: രാജ്യത്ത് ഗതാഗത നിയമലംഘനം നിരീക്ഷിക്കാൻ സ്വയംനിയന്ത്രിത സംവിധാനം ആരംഭിക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. പൊതുഗതാഗത വാഹനങ്ങൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തുന്നത്. വാഹനത്തിെൻറ നിയമപരമായ സാധുത, വർക്കിങ് കാർഡ്, കാലാവധി, മറ്റു സുരക്ഷ പ്രശ്നങ്ങൾ എന്നിവ ഇതിലൂടെ നിരീക്ഷിക്കും. ഘട്ടങ്ങളായാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സംവിധാനം നടപ്പാക്കുക.
ഡിസംബർ അഞ്ചു മുതൽ റിയാദിലും പിന്നീട് മറ്റു പട്ടണങ്ങളിലും നടപ്പാക്കും. ആദ്യഘട്ടത്തിൽ ടാക്സി വാഹനങ്ങളെയായിരിക്കും നിരീക്ഷിക്കുക. പിന്നീട് ബസുകളും ട്രക്കുകളും ഉൾപ്പെടുത്തി വിപുലീകരിക്കും. പൊതുഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിങ് സിസ്റ്റം ഗതാഗത പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാൻ സഹായിക്കും. പൊതുഗതാഗത അതോറിറ്റിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നായ ഡിജിറ്റൽ പരിവർത്തന പദ്ധതിയിലേക്കുള്ള മാറ്റംകൂടിയാണ് ഇത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്ന പദ്ധതികളിൽ സുപ്രധാനവും വിഷൻ 2030െൻറ ഭാഗവുമാണ്.
എല്ലാ നഗരങ്ങളിലും മറ്റ് പട്ടണ, ഗ്രാമപ്രദേശങ്ങളിലും പൊതുഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷ നിലവാരം ഉയർത്തുക, നഗരത്തിനകത്തും പുറത്തുമുള്ള സുപ്രധാന മേഖലകളിലും സുരക്ഷ നിയന്ത്രണ കേന്ദ്രങ്ങളിലും തടസ്സങ്ങളും തിരക്കും ഒഴിവാക്കി റോഡുകളിലെ പോക്കുവരവുകൾ സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ ഒാപറേറ്റിങ് കാർഡ് ഉപയോഗിച്ച് വാഹനം പ്രവർത്തിപ്പിക്കുക, വാഹനത്തിനോ ഡ്രൈവർക്കോ സാധുവായ ഓപറേറ്റിങ് കാർഡ് ഇല്ലാതിരിക്കുക തുടങ്ങിയവ ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.