ജിദ്ദ: സ്വയം പ്രവർത്തിക്കുന്ന (വെൻഡിങ്) മെഷീനുകൾ വഴി എനർജി ഡ്രിങ്കുകളുടെയും പുകയില ഉൽപന്നങ്ങളുടെയും വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പൽ ഗ്രാമ മന്ത്രാലയം. നാലു തരം സ്ഥലങ്ങളിൽ ഈ മെഷീനുകൾ സ്ഥാപിച്ച് വിൽപന നടത്തുന്നതിനാണ് വിലക്ക്.
ട്രാഫിക് സിഗ്നലുകൾക്ക് സമീപം, പ്രധാന റോഡുകൾക്ക് സമീപം, അപകടകരമായ മാലിന്യം നിക്ഷേപിക്കുന്നതും മലിനജലം ഒഴുകുന്നതുമായ തുറന്ന സ്ഥലങ്ങൾക്ക് സമീപം, രണ്ട് മീറ്റർ അകലത്തിനുള്ളിൽ ചൂടും തീയുമുള്ള സ്ഥലം എന്നിവിടങ്ങളിലാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതിൽ വിലക്ക്.
എന്നാൽ പൊതുസ്ഥാപനങ്ങൾ, പൊതുപാർക്കുകൾ, ഇവൻറുകൾ, സേവനകേന്ദ്രങ്ങൾ, വാണിജ്യതെരുവുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ കേന്ദ്രങ്ങൾ, ബലദിയ തട്ടുകടകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സെൽഫ് സർവിസ് വെൻഡിങ് മെഷീനുകൾക്ക് അനുമതിയുണ്ടെന്നും ‘ഇതിലാഅ്’ പ്ലാറ്റ്ഫോമിലുടെ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ, മെഷീനുകൾ വഴി വിൽക്കുന്ന ഉൽപന്നങ്ങൾ രാജ്യത്ത് വിൽപനാനുമതിയുള്ളവയാവണം. വ്യാപാര വ്യസ്ഥകൾക്ക് അനുസൃതവുമാകണം.
ഉൽപന്നങ്ങൾ ഗുണനിലവാരമുള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞതാവരുത്.
വൈകല്യങ്ങളും കേടുപാടുകളും ഉണ്ടാവരുത്. വ്യാജമായി നിർമിക്കപ്പെട്ടവയും ആവരുത്. ഉൽപന്നത്തിന് തിരിച്ചറിയൽ കോഡ് ഉണ്ടായിരിക്കുകയും വേണം.
ഉപഭോക്താവിന് നൽകുന്ന ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക, കാഴ്ചവൈകല്യങ്ങൾ കുറക്കുക, ഉപഭോക്തൃ സംതൃപ്തിയുടെ നിലവാരം ഉയർത്തുക, ജീവിതനിലവാരം ഉയർത്തുന്നതിന് സംഭാവന ചെയ്യുക, സ്വയം സേവന യന്ത്രങ്ങൾക്കുള്ള നിയന്ത്രണ നടപടിക്രമങ്ങൾ ഏകീകരിക്കുക എന്നിവയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.