റിയാദ്: നിരവധി താരോദയങ്ങൾ മലയാളക്കരക്ക് സമ്മാനിച്ച ടിക്ടോക്കിലും റിയാദിലെ സാംസ്കാരിക വേദികളിലും ഇപ്പോൾ താരമായി നിറഞ്ഞുനിൽക്കുകയാണ് സെൻഹ ഫസീർ എന്ന കൊച്ചു അഭിനേത്രി. റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കി ഇപ്പോൾ റിയാദിലെ ചെറുതും വലുതുമായ വേദികളിൽ തന്റെ അഭിനയ മികവു കൊണ്ട് കൈയടി നേടുകയാണ്.
കോവിഡ് കാലത്ത് നേരമ്പോക്കിനായി തുടങ്ങിയ ടിക്ടോക് അഭിനയം ഈ മിടുക്കിയെ നല്ലൊരു കലാകാരിയാക്കി. വ്യത്യസ്ത ഭാഷകളിലെ ചലച്ചിത്രങ്ങളിൽനിന്നുള്ള രംഗങ്ങളിലെ ആക്ഷനും ഹാസ്യവും കലർന്ന ഏതു വേഷവും ഭംഗിയായി അഭിനയിച്ച് കാണികളുടെ കൈയടി നേടിയെടുക്കാൻ കഴിവുണ്ട് ഈ 12കാരിക്ക്. മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിലെ ശോഭന അഭിനയിച്ച രംഗം കാണികളുടെ മനസ്സിൽ അതേപടി എത്തിക്കാൻ സെൻഹക്ക് കഴിയുന്നുണ്ട്.
ഇപ്പോൾ 'നാഗവല്ലി' എന്നൊരു ഓമനപ്പേര് കിട്ടിയിട്ടുണ്ടെന്നു സെൻഹ ചെറു പുഞ്ചിരിയോടെ പറയുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശികളായ മുഹമ്മദ് ഫസീർ-സറീന ഫസീർ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ് സെൻഹ. മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് സെൻഹ പറയുന്നു.
അഭിനയത്തിന് പുറമേ മികച്ചൊരു നർത്തകികൂടിയാണ് സെൻഹ. ഒഴിവുസമയങ്ങളിൽ വരയിലും കാലിഗ്രഫിയിലും മെഹന്തിയിലെ പുതിയ ഡിസൈനിങ്ങിലും പരീക്ഷണം നടത്തലാണ് വിനോദം. ടിക്ടോക്കിൽ നിരവധി ഫോളോവേഴ്സുള്ള ഈ മിടുക്കിക്ക് ഇപ്പോൾ വേദികളിലും ഇഷ്ടക്കാർ ഏറെയാണ്. സെൻഹക്ക് പൂർണ പിന്തുണയുമായി സഹോദരൻ ഷെറിൽ ഫസീർ ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.