ജിദ്ദ: ഈ വർഷത്തെ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെക്സിക്കൻ ഡ്രൈവർ സെർജിയോ പെരസിന് കിരീടം. ഞായറാഴ്ച രാത്രി ജിദ്ദ കോർണിഷിലെ സർക്യൂട്ടിലാണ് ഫോർമുല വൺ കാറോട്ട സമാപന മത്സരം നടന്നത്. വെള്ളിയാഴ്ചയാണ് മത്സരം ആരംഭിച്ചത്. രാജ്യത്തിനകത്തും പുറത്തുനിന്നും ധാരാളം കാറോട്ട പ്രേമികളാണ് സമാപന മത്സരം കാണാൻ ജിദ്ദയിലെത്തിയത്. റെഡ് ബുൾ ടീം ഡ്രൈവറായ മെക്സിക്കൻ സെർജിയോ പെരസ് കഴിഞ്ഞ പതിപ്പിലെ ലോക ചാമ്പ്യനായ റെഡ് ബുൾ ടീമിന്‍റെ തന്നെ ഡ്രൈവർ ഡച്ചുകാരൻ മാക്സ് വെർസ്റ്റാപ്പനുമായുള്ള മത്സരത്തിനൊടുവിലാണ് കിരീടം ചൂടിയത്. ഫോർമുല വൺ ഡ്രൈവർമാരുടെ പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യത്തെ മെക്സിക്കൻ ഡ്രൈവറാണ് ‘ചിക്കോ’ എന്ന് വിളിപ്പേരുള്ള പെരസ്.
മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസലിലാണ് മൂന്നാം സ്ഥാനം. ആസ്റ്റൺ മാർട്ടിൻ ടീമിന്‍റെ ഡ്രൈവർ സ്പാനിഷ് ഫെർണാണ്ടോ അലോൻസോ 10 സെക്കൻഡ് വ്യത്യാസത്തിലാണ് നാലാം സ്ഥാനത്തേക്ക് പോയത്. അഞ്ചാം സ്ഥാനം മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും ആറാം സ്ഥാനം ഫെറാറി ഡ്രൈവർ കാർലോസ് സൈൻസും നേടി. വിജയികൾക്ക് കിരീടം കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ സമ്മാനിച്ചു.
ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്താരാഷ്‌ട്ര സ്‌പോർട്‌സ് ടൂർണമെൻറുകൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യ തുടരുകയാണെന്ന് കായിക മന്ത്രി പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഫോർമുല വൺ കാറോട്ട മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. അത് വിജകരമാക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു. ഭരണകൂടത്തിന്‍റെ അഭൂതപൂർവമായ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാ വിജയത്തിന് പിന്നിലും. ഈ ഇവൻറിന്റെ ശ്രദ്ധേയമായ വിജയം ഉയർന്ന പ്രഫഷനലിസം, വിശിഷ്ടമായ ഓർഗനൈസേഷൻ, ഏറ്റവും ശക്തവും പ്രധാനപ്പെട്ടതുമായ അന്താരാഷ്‌ട്ര ടൂർണമെൻറുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കഴിവ് എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്.
20 അന്താരാഷ്‌ട്ര മത്സരാർഥികളുടെ പങ്കാളിത്തത്തിനാണ് ജിദ്ദ കോർണിഷ് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ യുവതീയുവാക്കളിൽ നിന്നുള്ള 640 പേർ ഇതിനു പിന്നിലുണ്ട്. ജിദ്ദ കോർണിഷ് സർക്യൂട്ടിൽ ലോകം മുഴുവൻ കണ്ട വ്യതിരിക്തതക്കും തിളക്കത്തിനും പിന്നിൽ അവരാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം സ്ഥാനം നേടിയ മെക്സിക്കൻ ചാമ്പ്യൻ സെർജിയോ പെരസിനെ അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന റൗണ്ടുകളിൽ ഭാഗ്യം ലഭിക്കാത്തവർക്ക് ഞങ്ങൾ വിജയം നേരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.
ഇൻറർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ ഫോർ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻറും ബഹ്‌റൈൻ ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡൻറുമായ അമീർ ശൈഖ് അബ്ദുല്ല ബിൻ ഈസ അൽഖലീഫ, സൗദി മോട്ടോർ സ്‌പോർട്‌സ് ഫെഡറേഷെൻറയും സൗദി മോട്ടോർസ്‌പോർട്‌സ് കമ്പനിയുടെയും ഡയറക്ടർ ബോർഡ് ചെയർമാനായ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽഫൈസൽ, അരാംകോ സി.ഇ.ഒ എൻജി. അമീൻ അൽനാസർ, എസ.ടി.സി ഗ്രൂപ്പ് സി.ഇ.ഒ എൻജി. ഉലയാൻ അൽവതീദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.