യാംബു: ഖത്തർ എയർവേസ് യാംബുവിൽ നിന്ന് സർവിസ് പുനരാരംഭിച്ചു. സൗദി-ഖത്തർ ബന്ധം നിലച്ചതോടെ ഇല്ലാതായ സർവിസാണ് വീണ്ടും തുടങ്ങിയത്. ഉപരോധമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് യാംബു-ദോഹ സർവിസ് ആരംഭിക്കുന്നതു തന്നെ. ഏതാനും സർവീസുകൾ മാത്രം നടത്തുേമ്പാഴേക്കും ബന്ധമുലഞ്ഞു. അതോടെ പൂർണമായും സർവിസ് മുടങ്ങി. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലാണ് യാംബുവിലേക്കും തിരിച്ചും ഖത്തർ എയർവേസ് വിമാനം പറന്നുതുടങ്ങിയത്.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്നു സർവിസുകളാണ് യാംബുവിൽ നിന്ന് നടത്തുക. ദേഹയിൽ നിന്ന് രാവിലെ 7.20 ന് പുറപ്പെടുന്ന വിമാനം രാവിലെ 10.15 ന് യാംബുവിൽ എത്തും. തിരികെ രാവിലെ 11.20 ന് പുറപ്പെട്ട് ഉച്ചക്ക് 1.40 ന് ദോഹയിലെത്തും, ഈ രീതിയിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിലേക്ക് സർവിസ് പുനരാരംഭിച്ചത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
യാംബുവിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമൊക്കെ ദോഹ വഴി കണക്ഷൻ വിമാനം ഉള്ളതും യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ലോകത്തെ ഏറ്റവും മികച്ച എയർകാർഗോ എന്ന സ്ഥാനം നേടിയ ഖത്തർ എയർവേസ് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾക്കൊപ്പം മിതമായ നിരക്കും ഏർപ്പെടുത്തികൊണ്ടുള്ള സർവിസ് സാധാരണ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്.
ഖത്തർ എയർവേസ് ഇക്കഴിഞ്ഞ ഒക്ടോബർ 29ന് അൽഉലയിലേക്ക് പുതിയ സർവിസ് ആരംഭിച്ചിരുന്നു. ഈ മാസം 14 ന് തബൂക്കിലേക്ക് പുതിയ സർവിസ് ആരംഭിക്കും. നിലവിൽ റിയാദ്, ജിദ്ദ, മദീന, ദമ്മാം, ബുറൈദ, ത്വാഇഫ് എന്നിവിടങ്ങളിലേക്കാണ് സർവിസുള്ളത്. അൽഉലക്കും യാംബുവിനും പിന്നാലെ തബൂക്കിലേക്കും കൂടി ആവുന്നതോടെ സൗദിയുടെ ഒമ്പത് നഗരങ്ങളിലേക്ക് ഖത്തർ എയർവേസിെൻറ സർവിസ് വ്യാപിക്കും. ആഴ്ചയിൽ 120 സർവിസുകളാണ് ആകെയുള്ളത്. തബൂക്കിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസാണ്. അൽഉലയിലേക്ക് ആഴ്ചയിൽ രണ്ടും.
ഇതിനിടെ ബജറ്റ് എയർലൈനായ എയർ അറേബ്യ യാംബു-ഷാർജ സർവിസ് താൽക്കാലികമായി നിർത്തിവെച്ചത് പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലായിരുന്നു സർവിസുകൾ. ഖത്തർ എയർവേസിന് വേണ്ടി എയർ അറേബ്യയുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ കഴിയാത്തതാണ് താൽക്കാലികമായ നിർത്തിവെക്കലിന് കാരണമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.