ജിദ്ദ: വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി വർഗത്തിൽ ഏഴ് കുഞ്ഞുങ്ങൾ പിറന്നു. ത്വാഇഫിലെ അമീർ സഉൗദ് അൽഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിലാണ് പ്രസവമെന്ന് അൽഉല റോയൽ കമീഷൻ അറിയിച്ചു. വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അറേബ്യൻ പുള്ളിപ്പുലികളെ വംശനാശത്തിൽനിന്ന് സംരക്ഷിക്കാനും നടക്കുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നിരവധി കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്.
ഇതോടെ കേന്ദ്രത്തിലെ മൊത്തം അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം 27 ആയി. 2020ൽ ഇൗ വർഗത്തെ സംരക്ഷിക്കുന്നതിന് റോയൽ കമീഷൻ ആരംഭിച്ച പദ്ധതിക്ക് ശേഷം അവയുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു. വംശനാശത്തിൽനിന്ന് സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 10ന് അന്താരാഷ്ട്ര അറേബ്യൻ പുള്ളിപ്പുലി ദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതോടെയാണ് അൽഉല റോയൽ കമീഷൻ പുതിയ കുഞ്ഞുങ്ങളുടെ ജനനം പ്രഖ്യാപിക്കുന്നത്. ഇതിനായി പ്രത്യേകം രൂപവത്കരിച്ച ഫണ്ടിെൻറ ലക്ഷ്യങ്ങൾ ഇതിനോടൊപ്പം പരിചയപ്പെടുത്തുകയും ചെയ്യുന്നു.
ലോകത്ത് അറേബ്യൻ പുള്ളിപ്പുലികൾ വെറും 200 എണ്ണം മാത്രമാണെന്നും ഗുരുതര വംശനാശഭീഷണിയാണ് നേരിടുന്നതെന്നുമാണ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിെൻറ റിപ്പോർട്ട്. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമായതും വേട്ടയാടലും കൊണ്ടാണ് ഈ സ്ഥിതിവിശേഷമുണ്ടായത്. ഇതേ തുടർന്നാണ് അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനും വംശനാശത്തിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതി അൽഉല റോയൽ കമീഷൻ ആരംഭിച്ചത്.
പരിസ്ഥിതി വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുക എന്ന ‘വിഷൻ 2030’ ലക്ഷ്യങ്ങൾ നേടുന്നതിെൻറയും ഭാഗമാണ്. ചരിത്രത്തിലുടനീളം അറേബ്യൻ പുള്ളിപ്പുലികളുടെ ആധികാരിക മാതൃസ്ഥലമായാണ് അൽഉലയെ കണക്കാക്കുന്നത്. ഗവർണറേറ്റിലെ പൗരാണിക ശിലാലിഖിതങ്ങളിലെ പുള്ളിപ്പുലികളുടെ ചിത്രങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.