ജിദ്ദ: നയതന്ത്ര വിള്ളലുകളെ തുടർന്ന് ഏഴുവർഷമായി അടച്ചുപൂട്ടിയ സൗദി അറേബ്യയുടെ ഇറാനിലെ എംബസി വീണ്ടും തുറന്നു. തെഹ്റാനിലെ സൗദി അറേബ്യയുടെ എംബസി ഇക്കഴിഞ്ഞ ഞായറാഴ്ച (ആഗസ്റ്റ് ആറ്) മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്നുള്ള നീക്കമാണിത്. ഈ വർഷം മാർച്ച് 10നാണ് ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദി അറേബ്യയും ബന്ധം പുനഃസ്ഥാപിക്കാനുള്ള ഉടമ്പടിയിൽ ഏർപ്പെട്ടത്.
തുടർന്ന് ഏപ്രിൽ ആറിന് ബെയ്ജിങ്ങിൽ, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനും ഉഭയകക്ഷി ബന്ധവും സഹകരണവും വിപുലീകരിക്കുന്നതിനും വിമാന സർവിസ് പുനരാരംഭിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ജൂൺ ആറിന് സൗദിയിലെ ഇറാന്റെ നയതന്ത്ര ദൗത്യങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു.
റിയാദിൽ ഇറാനിയൻ എംബസിയും ജിദ്ദയിൽ കോൺസുലേറ്റും പ്രവർത്തനം പുനരാരംഭിച്ചു. ജിദ്ദയിലെ ഇസ്ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) ആസ്ഥാനത്ത് ഇറാനിയൻ പ്രതിനിധി കാര്യാലയവും തുറന്നു.
നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാനും വ്യാപാരം വർധിപ്പിക്കാനും വാണിജ്യബന്ധം പുനഃസ്ഥാപിക്കാനും ഇരു രാജ്യങ്ങളും പരസ്പരം എംബസികൾ തുറന്നതോടെ ഇനിയെളുപ്പമാകും. 2016ലാണ് ഇറാനുമായി സൗദി അറേബ്യ ബന്ധം വിച്ഛേദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.