റിയാദ്: ദുരിതപ്രവാസത്തിെൻറ ഏഴാണ്ടിന് ശേഷം സൗദിയിൽനിന്ന് ശ്രീലങ്കൻ യുവതി നാടണഞ്ഞു. ശ്രീലങ്കയിലെ പുത്തല ജില്ലയിൽ മനാത്ത വില്ലൂവ് സ്വദേശിനി സമന്താ പുഷ്പകുമാരിക്കാണ് (46) മലയാളി സുമനസ്സുകൾ തുണയായത്. അസുഖബാധിതയായി കിടപ്പിലായ ഇവരെ തുടർചികിത്സക്കായി പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തകരാണ് നാട്ടിലെത്തിച്ചത്.
ഒരു വർഷമായി കരൾരോഗം ബാധിച്ച് വളരെ വിഷമസന്ധിയിലായ സമന്താ പ്ലീസ് ഇന്ത്യയുടെ പബ്ലിക് അദാലത്തിൽ എത്തിച്ചേരുകയായിരുന്നു. ഇവരുടെ പരാതി ചെയർമാൻ ലത്തീഫ് തെച്ചിക്ക് ലഭിക്കുകയും വിഷയത്തിൽ ഇടപെടുകയുമായിരുന്നു.
തുടക്കത്തിൽ രണ്ട് വർഷത്തോളം ഹൗസ് മെയ്ഡായി ജോലിചെയ്ത സമന്താ കഴിഞ്ഞ കുറെ വർഷങ്ങളായി ഇഖാമ പുതുക്കാൻ കഴിയാതെ പലയിടങ്ങളിലായി ജോലി ചെയ്തുവരുകയായിരുന്നു.
രണ്ട് വർഷമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ ശുചീകരണജോലി ചെയ്തുവരുന്നതിനിടയിൽ ഒരുവർഷം മുമ്പ് ഗുരുതരമായ കരൾരോഗം ബാധിച്ച് കിടപ്പിലാവുകയായിരുന്നു. ഏഴ് വർഷം മുമ്പ് ഒരു മാൻപവർ സപ്ലൈ കമ്പനി മുഖേന ശ്രീലങ്കയിൽനിന്ന് സൗദിയിൽ എത്തിയ പുഷപകുമാരിയെ ആദ്യം ഏജൻറ് അയച്ചത് ഒരു സ്വദേശിയുടെ വീട്ടിലേക്കായിരുന്നു. രണ്ട് വർഷം ജോലി ചെയ്തതിന് ശേഷം മറ്റൊരു സ്വദേശിയുടെ വീട്ടിലെത്തി. തുടർന്ന് ജോലിഭാരം കൂടുകയും തുടർച്ചയായി ശമ്പളം കിട്ടാതാവുകയും ചെയ്തപ്പോൾ അവിടെനിന്ന് റിലീസിന് ആവശ്യപ്പെട്ടു.
സമന്തയെ ചികിത്സിച്ച ഡോക്ടറുമായി ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സമന്തയെ നാട്ടിലെത്തിച്ച് തുടർചികിത്സക്ക് വിധേയയാക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ പ്ലീസ് ഇന്ത്യ വെൽഫെയർ വിങ് ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ശ്രീലങ്കൻ സാമൂഹിക പ്രവർത്തകരായ റിയാസ്, ഫാർമിൻ തുടങ്ങിയവരുടെ സഹായവും ലഭിച്ചു.
സൗദി ലേബർ ഓഫിസിനെ സമീപിക്കാനായിരുന്നു എംബസിയുടെ നിർദേശം. എന്നാൽ, സമന്തയുടെ അസുഖം മൂർച്ഛിക്കുകയും മരുന്നുപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. ഉടനെ പ്ലീസ് ഇന്ത്യ പ്രവർത്തകർ റിയാദ് ജവാസത്ത് അധികൃതരെ സമീപിക്കുകയും ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളി, മിഡിലീസ്റ്റ് സെക്രട്ടറി ബക്കർ മാസ്റ്റർ, ഗ്ലോബൽ നേതാക്കളായ അഡ്വ. ജോസ് എബ്രഹാം, അഡ്വ. റിജി ജോയ്, നീതു ബെൻ, വിജയശ്രീ രവിരാജ്, മൂസ മാസ്റ്റർ, റബീഷ് കോക്കല്ലൂർ, രാഗേഷ് മണ്ണാർക്കാട്, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞദിവസം ശ്രീലങ്കൻ എയർലൈൻസിൽ സമന്ത പുഷ്പകുമാരിയെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.