അൽ ഹസ: സ്പോൺസർ ഹുറൂബാക്കിയതിനാൽ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മുഹമ്മദ് ഷഫീഖിന് അൽ ഹസയിലെ സാമൂഹ്യ പ്രവർത്തകർ തുണയായി.
ജിദ്ദയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ മലപ്പുറം മേലാറ്റൂർ പുല്ലാണിക്കാട്ടിൽ കുഞ്ഞാലിയുടെ മകൻ മുഹമ്മദ് ഷഫീഖിനെ നിസ്സാര കാരണങ്ങളാൽ സ്പോൺസർ ഹുറൂബാക്കുകയായിരുന്നു. തുടർന്ന് താൻ മുമ്പ് എട്ട് വർഷത്തോളം ജോലി ചെയ്തിരുന്ന അൽഹസയിലെ പഴയ കൂട്ടുകാരുടെ അടുത്തെത്തിയെങ്കിലും ഹുറൂബിലായതിനാൽ എവിടെയും ജോലി ലഭിക്കാതെ മാനസികമായി തളർന്ന അവസ്ഥയിലായി. ഇതിനെ തടർന്നാണ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അൽ ഹസ ഒ.ഐ.സി.സിയുടെ സഹായംതേടിയത്.
ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുണാഗപ്പള്ളിയും സഹപ്രവർത്തകരും വിഷയം ഏറ്റെടുക്കുകയും ഷഫീഖിനെ നാട്ടിൽ കയറ്റിവിടുന്നതിനാവശ്യമായ രേഖകളെല്ലാം ശരിയാക്കുകയും ഒ.ഐ.സി.സി അൽ ഹസ്സ കമ്മിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് ഷഫീഖിനുള്ള വിമാനയാത്രാ ടിക്കറ്റിനുള്ള പണമനുവദിക്കുകയും ചെയ്തു.
ഷുക്കൈക്കിൽ അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു. ഷഫീഖിനുള്ള വിമാനയാത്രാ ടിക്കറ്റും മറ്റു രേഖകളും ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി കൈമാറി. ചെയർമാൻ ഫൈസൽ വാച്ചാക്കൽ ഉദ്ഘാടനം ചെയ്തു.
ഉമർ കോട്ടയിൽ, നവാസ് കൊല്ലം, ഹമീദ് പൊന്നാനി, റഷീദ് വരവൂർ, ലിജു വർഗീസ് അഫ്സൽ തിരൂർകാട്, അഷ്റഫ് എന്നിവർ സംസാരിച്ചു. റാഫി കരിമ്പനക്കൽ സ്വാഗതവും ഷിബു മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.