റിയാദ്: ആതുരസേവന രംഗത്ത് സൗദി അറേബ്യയിൽ ശ്രദ്ധേയനായ മലയാളി വ്യവസായി മുഹമ്മദ് ഷാജി അരിപ്ര യു.എ.ഇ ഗോൾഡൻ വിസക്ക് അർഹനായി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ മെഡിക്കൽ സെന്ററുകളും ഫാർമസികളുമുള്ള ഷാജി അരിപ്ര സംരഭകരുടെ പട്ടികയിലാണ് വിസക്ക് അർഹനായത്.
യു.എ.ഇ സർക്കാറിന്റെ ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയിൽ സജീവ പങ്കാളിത്വം വഹിക്കാനും കൂടുതൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ഗോൾഡൻ വിസ വലിയ പ്രചോദനമാകുമെന്നും ഷാജി അരിപ്ര പറഞ്ഞു. പതിറ്റാണ്ടുകൾ മുമ്പ് പ്രവാസി മലയാളികൾ ചികിത്സ രംഗത്ത് നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരവുമായി ആരോഗ്യരംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ട ഡോ. കെ.ടി. റബീഉള്ളയെ പിന്തുടർന്ന് ആതുരശുശ്രൂഷ സംരംഭക രംഗത്തു നിലയുറപ്പിച്ചതാണ് ഗോൾഡൻ വിസ ഉൾപ്പെടെയുള്ള നേട്ടങ്ങൾക്ക് തന്നെ പ്രാപ്തനാക്കിയതെന്ന് ഷാജി പറഞ്ഞു.
യു.എ.ഇയിൽ ആതുരസേവന രംഗത്ത് കൂടുതൽ മുതലിറക്കുകയാണ് ലക്ഷ്യം. യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലും മെഡിക്കൽ സെന്ററുകൾ ആരംഭിക്കാനുള്ള പഠനങ്ങൾ നടത്തി വരികയാണ്. ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും തന്റെ മാർഗദർശിയുമായ ഡോ. കെ.ടി. റബീഉള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ എമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എമിഗ്രേഷൻ ഓഫിസ് മാനേജർ ഖാലിദ് സെയ്ദ് അൽ അലിയിൽ നിന്ന് ഷാജി വിസ ഏറ്റുവാങ്ങി. ഷിഫാ അൽ ജസീറ ഷാർജ അഡ്മിൻ ഓഫിസർ താരിഖ് അബ്ദുൽ അസീസ്, മുഹമ്മദ് അബ്ദുറഹിമാൻ, ഷിറാസ്, പി.സി. ഷഫീക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.