പൂത്തുലഞ്ഞ് വാദി അല്‍ ഹെലോയിലെ പരുത്തി ചെടികള്‍ 

ഷാര്‍ജ: പരുത്തിച്ചെടിയുടെ കറുത്ത വിത്തിൽ നിനക്കൊരു വെളുത്ത വസ്ത്രം, പാറയുടെ കരുത്തില്‍ നിന്ന്... നിനക്കൊരാലിംഗനം എന്ന കവിത എഴുതിയത് മണ്‍മറഞ്ഞുപോയ പ്രിയ കവി എ. അയ്യപ്പനായിരുന്നു. ഷാര്‍ജയിലെ അതിപുരാതന ജനവാസ മേഖലയായ വാദി അല്‍ ഹെലോയിലെ, ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിനോട് ചേര്‍ന്ന മലയടിവാരത്തെ തോട്ടത്തില്‍ മറ്റ് വിളകള്‍ക്കൊപ്പം പൂത്തുലഞ്ഞു നില്‍ക്കുന്ന പരുത്തി ചെടികള്‍ കാണു​േമ്പാൾ ഇൗ കവിതയായിരിക്കുമ മനസിലെത്തുക. 

പാറയുടെ ആലിംഗനത്തില്‍ നില്‍ക്കുന്ന തോട്ടങ്ങള്‍ സുക്ഷ്മമായി നിരീക്ഷിച്ചാല്‍ അയ്യപ്പന്‍െറ കവിതക്ക് പ്രകൃതി വരച്ച് വെച്ച ചിത്രമാണോയെന്ന് തോന്നി പോകും. കൂടുകള്‍ അലങ്കരിക്കാന്‍ കുരുവി കൂട്ടങ്ങള്‍ പറന്ന് വന്ന് പരുത്തി കൊത്തി കൊണ്ട് പോകുന്നു. 
ഉഷ്ണമേഖല വളര്‍ത്തുവാന്‍ പറ്റിയ മികച്ച നാര് വിളയാണ് പരുത്തിയെങ്കിലും യു.എ.ഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പരുത്തി കൃഷി ചെയ്യുന്നില്ല. വെളുത്ത സ്വര്‍ണം എന്നാണ് പരുത്തിയുടെ അപരനാമം.

 ഉഷ്ണമേഖല കാലവസ്ഥയില്‍ വളരുമെങ്കിലും പരുത്തി കൃഷിക്ക് വെള്ളം ധാരാളം ആവശ്യമാണ്. സോവിയറ്റ് യൂണിയ​​​​െൻറ സുവര്‍ണ കാലഘട്ടത്തില്‍, പരുത്തി കൃഷിക്കായി ഖസാകിസ്താനിലെ പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയെത്തുന്ന തെക്ക് നിന്നുള്ള അമു ദാര്യ, വടക്കുനിന്നുള്ള സിര്‍ ദാര്യ എന്നീ നദികളെ വഴി തിരിച്ച് വിട്ടത് കാരണം വറ്റി വരണ്ട് മരുഭൂമിയായി മാറിയ ആരാല്‍ കടലി​​​​െൻറ കഥ മുന്നിലുള്ളത് കാരണമായിരിക്കാം മരുഭൂമി പരുത്തി കൃഷിയെ കൂടുതല്‍ വാണിജ്യവത്ക്കരിക്കാത്തത്. അപ്പൂപ്പന്‍ താടികള്‍ പോലെ വാദി അല്‍ ഹെലോയിലെ പാറകൂട്ടങ്ങളില്‍ പാറി നടക്കുന്ന പഞ്ഞികൂട്ടങ്ങള്‍ മനോഹര കാഴ്ച്ചയാണ്. 

കാറ്റിനോടൊപ്പം അവ പാറമടകളിലേക്കും ഇടയ കുടിലുകളിലേക്കും വിരുന്ന് പോകുന്നു. ചരിത്രാതീത കാലം തൊട്ടെ പരുത്തി ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപകമല്ല. വാദി അല്‍ ഹെലോ സന്ദര്‍ശിക്കാനെത്തുന്ന മലയാളികള്‍ അപൂര്‍വ കാഴ്ച്ചയായിട്ടാണ് പരുത്തി ചെടികളെ കാണുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സമയത്താണ് പരുത്തി കായകള്‍ പൊട്ടിവിടരുക. ഇന്ത്യയില്‍ പരുത്തി വസ്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരുത്തി വസ്ത്രങ്ങളുടെ പരിശുദ്ധിയെ കുറിച്ച് ഇന്ത്യക്കാരെ ബോധവത്ക്കരിച്ചത് ഗാന്ധിയാണ്. 
ഒരേസമയം വസ്ത്രവും ആയുധവുമായി മാറിയ വിശുദ്ധ ചെടി എന്ന് വേണമെങ്കില്‍ പരുത്തിയെ വിളിക്കാം. പരുത്തിയുടെ വിത്തിനെ പൊതിഞ്ഞാണ് പഞ്ഞി അഥവാ സെല്ലുലോസ് ഉണ്ടാകുന്നത്. ഈ പഞ്ഞിയെ നൂറ്റാണ് പരുത്തിനൂലും അതില്‍ നിന്ന് വസ്ത്രവും നെയ്യുന്നത്. സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൃഹത്തന്മാത്രയാണ് സെല്ലുലോസ്. 

അനേകായിരം ഗ്ളൂക്കോസ് തന്മാത്രകള്‍ ഇണക്കിച്ചേര്‍ത്തതാണ് ഒരു സെല്ലുലോസ് ശൃംഖല. പരുത്തിയുടെ 95 ശതമാനം സെല്ലുലോസ് ആണ്. പരുത്തി വസ്ത്രങ്ങള്‍ ഈര്‍പ്പം വലിച്ചെടുക്കാനുളള കഴിവില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള കാരണവും ഇതാണ്. ചരിത്രാതീതകാലം മുതല്‍ക്കേ, പരുത്തി, സിന്ധിലും, പഞ്ചാബിലും വളര്‍ത്തിയിരുന്നു. മോഹന്‍ജെദാരോയില്‍ നിന്നുള്ള ഉദ്ഖനനത്തില്‍ ഏഷ്യയിലെ തനതുവര്‍ഗ്ഗത്തില്‍പ്പെട്ട പരുത്തിയില്‍ നെയ്ത വസ്ത്രാവശിഷ്​ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകനായിരുന്ന ഹെറോഡോട്ടസ്, ഇന്ത്യയിലെ പഞ്ഞി കായ്ക്കുന്ന സസ്യങ്ങളെക്കുറിച്ചും അതുപയോഗിച്ച് ഇന്ത്യക്കാര്‍ വസ്ത്രമുണ്ടാക്കുന്നതിനെക്കുറിച്ചും ത​​​​െൻറ ചരിത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. വാദി അല്‍ ഹെലോയിലെ തോട്ടങ്ങളിലേക്ക് വെള്ളമത്തെുന്നത് കിണറുകളില്‍ നിന്നാണ്. ചാലുകള്‍ വഴി അവ സസ്യങ്ങളുടെ ചുവട്ടില്‍ തീര്‍ത്ത തടങ്ങളിലെത്തുന്നു. തടങ്ങളില്‍ വെള്ളം നിറയുമ്പോള്‍ പക്ഷികള്‍ ദാഹമകറ്റാന്‍ പറന്നിറങ്ങും.  ദാഹമകന്നാല്‍ പക്ഷികള്‍ ചില്ലകളില്‍ വിശ്രമിക്കും. ഹെലോയുടെ താഴ്വരയില്‍ ഇരുട്ട് പരക്കുമ്പോളും പരുത്തിയുടെ വെളുത്ത വിശുദ്ധി തിളങ്ങി നില്‍ക്കുന്നുണ്ടാകും. 

Tags:    
News Summary - sharjah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.