അബൂദബി: തലസ്ഥാന നഗരിയിലെ കൊട്ടര മതിലുകൾ കടന്ന് ആ വാഹനവ്യൂഹം പതിയെ ഒഴുകി. മുന്നിൽ കറുത്ത വാഹനത്തിൽ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ എന്ന ഇതിഹാസ നായകൻ നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു. താഴ്ന്നു പറക്കുന്ന പതാകൾക്കിടയിലൂടെ നിശ്ശബ്ദമായ പാതകൾ പിന്നിട്ട് വാഹനവ്യൂഹം ശൈഖ് സായിദ് ബിൻ സുൽത്താൻ ഫസ്റ്റ് മോസ്കിന്‍റെ മുറ്റത്ത് നിന്നു. അച്ചടക്കത്തോടെ വരിനിന്ന സേനാംഗങ്ങൾ ഭൗതികശരീരം ഏറ്റുവാങ്ങി.
പള്ളിക്കവാടത്തിൽ പ്രിയ സഹോദരന്‍റെ മയ്യിത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മൻസൂർ ബിൻ സായിദും അടക്കമുള്ള പ്രമുഖർ ചുമലിലേറ്റി. തങ്ങളുടെ നേതാവും വഴികാട്ടിയുമായ മനുഷ്യന്‍റെ അവസാന കർമങ്ങളിലേക്ക് കടക്കുന്നതിന്‍റെ ദുഃഖം അവരുടെ മുഖങ്ങളിൽ തളം കെട്ടിനിന്നിരുന്നു. പള്ളി മിഹ്റാബിന്റെ സമീപം മയ്യിത്ത് വെച്ചു. പ്രാർഥന നിരതമായ മനസ്സോടെ എല്ലാവരും അണിനിരന്നു. മൗനസാന്ദ്രമായ പ്രാർഥന ഏതാനും നിമിഷത്തിനകം അവസാനിച്ചു.
തുടർന്ന് മയ്യിത്തുമായി അൽ ബതീൻ ഖബർസ്ഥാനിലേക്ക് വാഹനവ്യൂഹം പുറപ്പെട്ടു. ഒരുക്കിവെച്ച ഖബറിലേക്ക് രാജ്യത്തിന്‍റെ നെടുനായകന്‍റെ ശരീരം പതിയെ ഇറക്കിവെച്ചു. പ്രാർഥനകൾ ഉയർന്ന നിമിഷത്തിൽ മണ്ണിൽ മുട്ടുകുത്തിയിരുന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദടക്കമുള്ളവർ ഖബറിലേക്ക് മണ്ണിട്ടു. ഖബറടക്കം പൂർത്തിയാകുമ്പോൾ ഒരു യുഗത്തിന്‍റെ പരിസമാപ്തിക്ക് തിരശ്ശീല വീഴുന്നത് പോലെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയത്തിലേക്ക് കടക്കുകയായിരുന്നു.
സന്ധ്യാപ്രാർഥനക്ക് ശേഷം യു.എ.ഇയിലെ ആയിരക്കണക്കിന് പള്ളികളിൽ പ്രത്യേകമായ നമസ്കാരം നടന്നു. കണ്ഠമിടറിക്കൊണ്ട് പ്രപഞ്ചനാഥനോട് ആയിരങ്ങൾ പ്രിയനേതാവിന്‍റെ പരലോകമോക്ഷത്തിന് തേടി. അബൂദബി ശൈഖ് സായിദ് മസ്ജിദിൽ വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് നമസ്കാരത്തിനായി എത്തിയത്.
ഈ നാടിനോടും ഭരണാധികാരികളോടുമുള്ള സ്നേഹത്തിന്റെ ആഴം അതിൽ വ്യക്തമായിരുന്നു. ചടങ്ങുകൾ അവസാനിച്ചപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുശോചന പ്രവാഹം നിലച്ചില്ല. ഭരണകർത്താക്കളും സാധാരണക്കാരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ശൈഖ് ഖലീഫയെ ഓർത്തു. മക്കയിലെയും മദീനയിലെയും പള്ളികളിൽ അപൂർവമായി മാത്രം നടക്കുന്ന മറഞ്ഞ മയ്യിത്തിനായുള്ള നമസ്കാരം നടന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾ ഒരു ദിവസം ദുഃഖം ആചരിച്ചു.
മിക്ക രാജ്യങ്ങളും ദേശീയ പതാകകൾ താഴ്ത്തിക്കെട്ടി. വിവിധ രാഷ്ട്ര നേതാക്കൾ അനുശോചനം അറിയിക്കാനായി ശനിയാഴ്ച രാവിലെ തന്നെ അബൂദബിയിലേക്ക് പുറപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ നടുത്തളത്തിൽ ശൈഖ് ഖലീഫ ലോകത്തിന് പകർന്ന സംഭാവനകൾ അനുസ്മരിക്കപ്പെട്ടു. ലോകമാധ്യമങ്ങൾ മുഖപ്പേജിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. യു.എ.ഇയിലെ പത്രങ്ങളുടെ പേജുകൾ അനുശോചന വാക്യങ്ങളാൽ നിറഞ്ഞതോടെ പകൽ പിറന്നിട്ടും പ്രിൻറ് ചെയ്തുകൊണ്ടിരുന്നു.
ഇത്തരത്തിൽ അപൂർവ ലോകനേതാക്കൾക്ക് മാത്രം ലഭിക്കുന്ന വിരോചിതമായ യാത്രാമൊഴിയാണ് ലോകം യു.എ.ഇ പ്രസിഡൻറിന് നൽകിയത്.ഇതിലൂടെ സംഭവബഹുലമായ അദ്ദേഹത്തിന്‍റെ ജീവിതം പോലെ മരണവും ചരിത്രത്തിൽ കുറിക്കപ്പെടുകയായിരുന്നു.
അബൂദബി: ശൈഖ് സായിദിന്റെയും ശൈഖ് ഖലീഫയുടെയും ഭരണകാലങ്ങളിൽ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളിലും പങ്കാളിത്തം വഹിക്കുകയും നിരവധി സുപ്രധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭരണപരിചയവുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ പ്രസിഡന്റ് പദവിയിലേക്ക്.
ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ ഭരണകാര്യങ്ങളിൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്റെ ചുമതലകൾ നിർവഹിച്ചതും ശൈഖ് മുഹമ്മദാണ്. രാജ്യത്തിന്‍റെ സൈനിക സന്നാഹങ്ങളെ ശക്തിപ്പെടുത്തുകയും വിദേശ ബന്ധങ്ങളിൽ സുപ്രധാന ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളെന്ന നിലയിൽ അറബ് മേഖലയിലെ തന്നെ കരുത്തുറ്റ ഭരണാധികാരിയായാണ് ശൈഖ് മുഹമ്മദ് അറിയപ്പെടുന്നത്. അബൂദബി കിരീടാവകാശിയെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എമിറേറ്റിലെ വിദ്യാലയങ്ങളെ ഉയർത്തുകയും ചെയ്തു.
ഇന്ത്യ-യു.എ.ഇ ബന്ധത്തിന് എക്കാലവും പിന്തുണ നൽകുകയും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചപ്പോൾ ശൈഖ് മുഹമ്മദാണ് അബൂദബിയിൽ സ്വീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇയും ഇന്ത്യയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനും നേതൃത്വം നൽകിയത് അദ്ദേഹമാണ്. യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കാണ് മാതാവ്. ശൈഖ സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.
ജിദ്ദ: വെള്ളിയാഴ്ച അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ പേരിൽ മക്ക, മദീന ഹറമുകളിൽ മയ്യിത്ത് നമസ്കാരം നടന്നു. വെള്ളിയാഴ്ച ഇശാ നമസ്കാരത്തിനു ശേഷമാണ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ പേരിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്കാരം നടന്നത്. ആയിരങ്ങൾ പങ്കെടുത്തു. ഇരുഹറമുകളിലും മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.