റിയാദ്: ആതുരസേവന രംഗത്ത് റിയാദിലെ വിദേശി സമൂഹത്തിന് ആശ്രയമായി മാറിയ ഷിഫ അൽജസീറ പോളിക്ലിനിക് 20ാം വാർഷികം ആഘോഷിക്കുന്നു. ഈ കാലയളവിനുള്ളിൽ വിവിധ രാജ്യക്കാരായ 70 ലക്ഷത്തിലധികം പേർക്ക് ചികിത്സാസൗകര്യങ്ങൾ നൽകാൻ കഴിഞ്ഞതായി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 2002 നവംബർ 15നാണ് ഷിഫ അൽജസീറ ബത്ഹയിൽ പ്രവർത്തനമാരംഭിച്ചത്.
ചികിത്സാരംഗത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ചാണ് ഷിഫ അൽജസീറ രണ്ടു ദശാബ്‌ദം പൂർത്തിയാക്കുന്നതെന്ന് സ്‌പോൺസർ ഡോ. അസ്ഹർ അൻവർ അൽ-അക്കാദ് പറഞ്ഞു. സാമൂഹിക ബാധ്യത നിറവേറ്റുന്നതിൽ സ്ഥാപനത്തിലെ ഡോക്ടർമാരും മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി നിലകൊണ്ടതാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം വിശദമാക്കി.
ക്ലിനിക്കിലെത്തുന്ന പാവങ്ങളായ രോഗികൾക്ക് പ്രത്യേക പരിഗണന നൽകി ചികിത്സാചെലവുകളിൽ ഇളവുകളും അർഹമായ കേസുകളിൽ സൗജന്യമായ ചികിത്സയും ഉൾപ്പെടെ നൽകാറുണ്ടെന്ന് ക്ലിനിക് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ നായിഫ് ജാബിർ അൽഷംരി പറഞ്ഞു. റിയാദിലെ സാമൂഹിക- സാംസ്കാരിക സംഘടനകളുമായി ചേർന്ന് ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയും ദുരിതത്തിലായ ഒട്ടേറെ ആളുകൾക്ക് ആശ്രയത്വം നൽകാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20ാം വാർഷികം പ്രമാണിച്ച് ക്ലിനിക്കിൽ പ്രത്യേക മെഡിക്കൽ പാക്കേജുകൾ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് ആവശ്യമായ ആതുര സേവനം നൽകാൻ സാധിച്ചതായി ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ അഹമ്മദ് ദഖീലുല്ല അൽഖത്അമി പറഞ്ഞു. 20 വർഷത്തെ സേവന കാലയളവിലും പ്രത്യേകിച്ച് കോവിഡ് കാലത്തും പ്രതീക്ഷ നഷ്ടമായിരുന്ന റിയാദിലെ പ്രവാസിസമൂഹത്തിന് മനക്കരുത്ത് പകരാനും ചികിത്സ നൽകാനും ഷിഫയിലെ ഡോക്ടർമാർ 24 മണിക്കൂറെന്നോണം രംഗത്തുണ്ടായിരുന്നതായി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. രാജ് ശേഖർ പറഞ്ഞു.
നിർണായക നിമിഷങ്ങളിൽ ക്ലിനിക്കിലെത്തിയ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ ഇക്കാലയളവിൽ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സ തേടിയെത്തുന്നവരുടെയും സാമൂഹിക പ്രവർത്തകരുടെയും വിളിക്കപ്പുറത്ത് നിലകൊള്ളാനും ക്ലിനിക്കിലെത്തുന്നവർക്ക് പരമാവധി സേവനം ഉറപ്പുവരുത്താനും നഴ്‌സുമാരും പാരാമെഡിക്കൽ ടീമും ഉൾപ്പെടെയുള്ള ജീവനക്കാരും സർവ സന്നദ്ധരാണെന്ന് അസീസ് ചോലക്കൽ പറഞ്ഞു.
നവീനമായ ഉപകരണങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തുകയും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, സുഡാൻ, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്ത് സമ്പൂർണമായ ഒരു ആതുരാലയമായാണ് ഷിഫ പ്രവർത്തിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ആധുനീകരിച്ച ലബോറട്ടറിയിൽ റിയാദിലെ വൻകിട ലാബുകളിൽ ചെയ്യുന്ന രക്തപരിശോധനകൾ ഉൾപ്പെടെ നടത്താനുള്ള മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൂർണാർഥത്തിൽ ഡിജിറ്റൽവത്കരിച്ച ഷിഫയിൽ ഇഖാമ ബലദിയ മെഡിക്കലിന് 24 മണിക്കൂറും സൗകര്യമുണ്ട്.പ്രശസ്‌തരായ ഗൈനക്കോളജിസ്റ്റ് ഡോ. റീനയുടെയും പീഡിയാട്രീഷ്യൻ ഡോ. സുരേഷിന്റെയും മേൽനോട്ടത്തിൽ ഫാമിലി ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മെഡിസിൻ, ഡയബറ്റിക്, സ്‌കിൻ, ഓർത്തോ, ഇ.എൻ.ടി, നേത്രരോഗ വിഭാഗം, ജനറൽ ഫിസിഷ്യൻ, ഡെന്റൽ, റേഡിയോളജി, പാത്തോളജി തുടങ്ങി വിവിധ വിഭാഗങ്ങളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.