ജിദ്ദ: താൻസനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ റിയാദിൽ നടന്ന ശസ്ത്രക്രിയ വിജയകരം. 16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് രണ്ടു വയസ്സുകാരായ ഹസനും ഹുസൈനും വിജയകരമായി വേർപിരിഞ്ഞത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗക്കാരായ 35 കൺസൾട്ടൻറുമാരും വിദഗ്ധരും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് അതിസൂക്ഷ്മമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഏത് രാജ്യക്കാരുമായ സയാമീസുകളെ റിയാദിലെത്തിച്ച് വേർപെടുത്താനുള്ള സൗദി പദ്ധതിക്ക് കീഴിൽ ഇത് 59ാമത്തെ ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ശസ്ത്രക്രിയ തുടങ്ങി 12 മണിക്കൂറിന് ശേഷം ഹസ്സനും ഹുസൈനും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ കിടന്നു. അതിനുശേഷമുള്ള നാല് മണിക്കൂറുകൾ കൊണ്ടാണ് മുറിച്ചുമാറ്റിയ അവയവങ്ങൾ പുനഃസ്ഥാപിച്ചത്. ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രാശയ സംവിധാനം, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയാണ് ഒാരോ ശരീരങ്ങളിലും പുനഃസ്ഥാപിച്ചത്. തുടർന്ന് മുറിവുകൾ തുന്നിക്കെട്ടി. ഇരുമെയ്യുകളായി മാറിയ ഹസ്സനെയും ഹുസൈനെയും രണ്ട് വ്യത്യസ്ത കിടക്കകളിലാക്കി പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോ. അൽറബീഅ പറഞ്ഞു.
ഈ മഹത്തായ മെഡിക്കൽ നേട്ടത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ രംഗത്തുള്ള രാജ്യത്തിെൻറ മുൻനിര പങ്കും ഭരണകൂടത്തിെൻറ പരിധിയില്ലാത്ത പിന്തുണയുംകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. താൻസനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയ നടത്തിയതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും മെഡിക്കൽ, സർജിക്കൽ ടീമിലെ അംഗങ്ങൾക്കും താൻസനിയൻ അംബാസഡർ അലി ജാബിർ മവാദിനി നന്ദി പറഞ്ഞു. ലോകത്തെ എല്ലാ ആവശ്യക്കാർക്കും നേരെ സഹായം നീട്ടുന്ന രാജ്യമാണെന്ന് സൗദി തെളിയിച്ചിട്ടുണ്ടെന്ന് അംബാസഡർ പറഞ്ഞു. അന്താരാഷ്ട്ര തലങ്ങളിലെത്തിയ സൗദിയുടെ മെഡിക്കൽ മേഖലയുടെ വികസനത്തെ അഭിനന്ദിച്ചു. ഇരട്ടക്കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അവർ എത്രയും വേഗം മികച്ച ആരോഗ്യത്തോടെ താൻസനിയയിലേക്ക് മടങ്ങട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയ നടത്തുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തതിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും കുട്ടികളുടെ മാതാവ് നന്ദി രേഖപ്പെടുത്തി. സൗദി ചെയ്യുന്നത് മഹത്തായ മാനുഷിക പ്രവർത്തനങ്ങളാണ്. രാജ്യത്തിലുടനീളം ലഭിച്ച ഊഷ്മളമായ സ്വീകരണവും ആതിഥ്യമര്യാദയും വിലമതിക്കുന്നുവെന്നും അവർ പറഞ്ഞു. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശാനുസരണം ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് മെഡിക്കൽ വിമാനത്തിൽ താൻസനിയയിൽനിന്ന് സയാമീസുകളെ റിയാദിലെത്തിച്ചത്. 13.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുട്ടികൾ നെഞ്ചിെൻറ താഴത്തെ ഭാഗം, വയർ ഭാഗം, ഇടുപ്പ് എന്നീ ഭാഗങ്ങൾ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.