റിയാദ്: ആദർശ വൈകല്യങ്ങൾക്കെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ടുപോകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നടത്തുന്ന ‘ആദർശ സമ്മേളനം’ വിജയിപ്പിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്താണ് സമ്മേളനം. ആദർശ പ്രചാരണ രംഗത്ത് സോഷ്യൽ മീഡിയയിലും ഓൺലൈൻ രംഗത്തും സജീവമാകുന്നതോടൊപ്പം നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും സമ്മേളനം വൻ വിജയമാക്കുന്നതിൽ ഭാഗഭാക്കാകണമെന്നും പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി ഋ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സെക്രട്ടറി റാഫി ഹുദവി, ഓർഗനൈസിങ് സെക്രട്ടറി സൈദലവി ഫൈസി പനങ്ങാങ്ങര എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉച്ചക്കുശേഷം മൂന്നിന് വരക്കൽ മഖാം സിയാറത്തോടു കൂടിയാണ് ആദർശസമ്മേളന പരിപാടി ആരംഭിക്കുക. 4.30ന് കടപ്പുറം സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും.
തുടർന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാർഥനയോടെ ആരംഭിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ സ്വാഗതം പറയും.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും എം.ടി. അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണവും നടത്തും.
പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, ഹമീദലി ശിഹാബ് തങ്ങൾ, യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.കെ. മൊയ്തീൻ കുട്ടി മുസ്ലിയാർ, എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, എം.സി. മായിൻ ഹാജി എന്നിവർ സംസാരിക്കും. എം.പി. മുസ്തഫൽ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ അശ്റഫി കക്കുപടി പ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.