ജിദ്ദ: 20ാമത് സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാൾ ടൂർണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും. എ, ബി ഡിവിഷനുകളിലെ ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മൂന്ന് സെമി ഫൈനല്‍ മത്സരങ്ങളാണ് ജിദ്ദ വസീരിയ സ്റ്റേഡിയത്തില്‍ നടക്കുക. വൈകീട്ട് 7.45നുള്ള ആദ്യ എ ഡിവിഷന്‍ സെമിയില്‍ റിയല്‍ കേരള എഫ്.സിയും യാംബു എഫ്.സിയും ഏറ്റുമുട്ടും. രാത്രി ഒമ്പതിന് തുടങ്ങുന്ന രണ്ടാം സെമി മത്സരത്തില്‍ എ.സി.സി എഫ്.സി, മഹ്ജര്‍ എഫ്.സിയെ നേരിടും.
6.30ന് ആരംഭിക്കുന്ന ബി ഡിവിഷന്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂ കാസില്‍ എഫ്.സി, ഐ.ടി സോക്കറുമായി മാറ്റുരക്കും. ഐ.എസ്.എല്‍, സന്തോഷ് ട്രോഫി താരങ്ങളുടെ കരുത്തില്‍ ലീഗ് റൗണ്ടില്‍ ഒരു മത്സരത്തിലും പരാജയമറിയാതെയാണ് റിയല്‍ കേരള സെമിയിലേക്ക് കുതിച്ചത്. അതേസമയം, അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് മടക്കടിക്കറ്റ് നല്‍കി സെമിയിലേക്ക് മുന്നേറിയ എഫ്.സി യാംബു എതിരാളികള്‍ക്ക് പേടിസ്വപ്‌നമാണ്. ലീഗ് റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ റിയല്‍ കേരളക്കായിരുന്നു വിജയം. അതിന്റെ കണക്കുകൂടി നാളെ തീര്‍ത്ത് ഫൈനലിലേക്ക് കടക്കാനാണ് എഫ്.സി യാംബു ആഗ്രഹിക്കുന്നത് എന്നതിനാല്‍ മത്സരം പൊടിപാറുമെന്ന് ഉറപ്പ്.
രണ്ടാം സെമി ഫൈനല്‍ മത്സരവും വമ്പന്‍മാരുടെ പോരാട്ടം തന്നെയാണ്. ലീഗ് മത്സരത്തില്‍ എ.സി.സിയില്‍ നിന്നേറ്റ രണ്ടു ഗോള്‍ പരാജയത്തിന് പകരം വീട്ടി ഫൈനലില്‍ പ്രവേശിക്കാനാണ് മഹ്ജര്‍ എഫ്.സിയുടെ വരവ്. അതേസമയം, ലീഗ് മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസ കരുത്തിലാവും എ.സി.സി ബൂട്ടണിയുന്നത്.
ലീഗ് റൗണ്ടില്‍ തോല്‍വി അറിയാത്ത രണ്ട് ടീമുകളാണ് ബി ഡിവിഷന്‍ രണ്ടാം സെമിയില്‍ നാളെ പോരിനിറങ്ങുന്നത്. ഐ.ടി സോക്കര്‍ രണ്ട് കളിയും ജയിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ഗോള്‍രഹിത സമനിലയും അവസാന കളിയില്‍ അഞ്ച് ഗോള്‍ ജയവും നേടിയാണ് ന്യൂ കാസിലിന്റെ വരവ്. വിജയികളെ ഫൈനലില്‍ റെഡ് സീ ബ്ലാസ്റ്റേഴ്‌സാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.