റിയാദ്: മുമ്പ് രണ്ട് തവണയും ദേശീയ ഗെയിംസിൽ സിംഗ്ൾ ബാഡ്മിൻറണിൽ സ്വർണം കൊയ്ത മലയാളി താരം ഖദീജ നിസ ഇത്തവണയും പോരിനിറങ്ങുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പടെ വിജയം നേടിയ കരുത്തുമായാണ് ഈ 18 കാരി ഇത്തവണ കളത്തിലിറങ്ങുന്നത്. 2022ൽ ആദ്യ സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി തുടങ്ങിയതാണ് ഈ കോഴിക്കോട് കൊടുവള്ളിക്കാരി.
തന്നേക്കാൾ മുതിർന്ന താരങ്ങളെ നിലം പരിശാക്കിയാണ് അന്ന് 16 മാത്രം പ്രായമുണ്ടായിരുന്ന ഈ മിടുക്കി ആദ്യ സ്വർണകിരീടം ചൂടിയത്. 10 ലക്ഷം റിയാലാണ് അന്ന് ഖദീജ നിസക്ക് സമ്മാനമായി ലഭിച്ചത്. 2023ൽ രണ്ടാം ദേശീയ ഗെയിംസിലും ഖദീജ നിസ ചരിത്രം ആവർത്തിച്ചു. റിയാദ് സ്പോർട്സ് ക്ലബിനെ പ്രതിനിധീകരിച്ച് 2022ൽ തുടങ്ങിയ ഖദീജ നിസ ഇത്തവണ ഇത്തിഹാദ് ക്ലബിന് വേണ്ടിയാണ് ബാഡ്മിൻറൺ സീനിയർ സിംഗ്ൾസിൽ പോരാടാനിറങ്ങുന്നത്. ദേശീയ ഗെയിംസ് ഔദ്യോഗികമായി ഒക്ടോബർ മൂന്നാണ് ആരംഭിക്കുന്നതെങ്കിലും ബാഡ്മിൻറൺ ഒന്നാം തീയതി ആരംഭിക്കും. സീനിയേഴ്സ് വിഭാഗത്തിലിറങ്ങുന്ന ഖദീജ നിസയുടെ ആദ്യ മത്സരം ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതിനാണ്.
സീനിയേഴ്സിൽ മത്സരം കടുത്തതാകാം പരിചയസമ്പന്നരായ കളിക്കാരുമായാണ് ഏറ്റുമുട്ടാനുള്ളത്. പക്ഷെ, എതിരാളി ആരെന്ന് നോക്കാതെ പോരാടാനാണ് തീരുമാനമെന്ന് ഖദീജ നിസ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലാം തീയതിയാണ് ഫൈനൽ.
സൗദി ഗെയിംസിലെ തുടർച്ചയായ സ്വര്‍ണനേട്ടത്തിന് പിറകെ നിരവധി പ്രാദേശിക അന്തർദേശീയ മത്സരങ്ങളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിജയങ്ങൾ നേടിയിരുന്നു. സൗദി ദേശീയ ഗെയിംസിൽ രണ്ട് തവണ സ്വർണം നേടിയ ഖദീജ നിസ സൗദി അറേബ്യക്കായി കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകൾ നേടിയിരുന്നു. 15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടി സൗദിയുടെ പതാക ഉയർത്തിപ്പിടിച്ചു. ഈ പ്രകടനമാണ് ഖദീജയെ ഇത്തിഹാദ് ക്ലബ്ബിലെത്തിച്ചത്.
റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഐ.ടി എൻജിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ് ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡിലീസ്റ്റ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിൽനിന്ന് പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്മെൻറിൽ ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്.
സൗദിയിൽ ജനിച്ചുവളർന്ന ഖദീജ നിസ സൗദിയുടെ മാറ്റങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി വിജയം കൊയ്ത കായികതാരമാണ്. സൗദിയുടെ കായിക മേഖലയിലേക്ക് തന്റെ സാന്നിധ്യമുറപ്പിക്കാൻ ഈ പെൺകുട്ടിക്കായി. ബാഡ്മിൻറണിൽ ലോകതലത്തിൽ നിരവധി നേട്ടങ്ങൾ തങ്ങൾക്ക് സമ്മാനിച്ച ഖദീജ നിസക്ക് സൗദി അധികൃതർ വലിയ പരിഗണനയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.