ദമ്മാം: മഹാമാരിയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോഴും നാടിെൻറ പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിൽ ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
മഹാമാരിയെ അതിജയിക്കാനും ജനങ്ങളെ ദുരിതക്കയത്തിൽനിന്ന് മോചിപ്പിക്കാനും രംഗത്തിറങ്ങേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ കൊലപാതകത്തിനിരയായ അനാഥ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടതുണ്ട്. വിദ്വേഷങ്ങൾക്കപ്പുറത്ത് മാനവികതയുടെ സന്ദേശങ്ങൾ അണികൾക്ക് പഠിപ്പിച്ചുകൊടുക്കാൻ ശ്രമിക്കണം. കോവിഡ് രോഗിണികൾ പോലും ബലാൽക്കാരത്തിന് ഇരയാകുന്ന വിധത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്തകൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും യോഗം വിലയിരുത്തി. കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് നാഷനൽ ദഅ്വ പ്രസിഡൻറും ഈസ്റ്റേൺ പ്രൊവിൻസ് മുൻ പ്രസിഡൻറുമായ അബ്ദുലത്തീഫ് അഹ്സനിക്ക് യോഗം യാത്രയയപ്പ് നൽകി.
യോഗത്തിൽ പ്രൊവിൻസ് പ്രസിഡൻറ് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ അധ്യക്ഷത വഹിച്ചു. നാഷനൽ ദഅ്വ പ്രസിഡൻറ് സുബൈർ സഖാഫി കോട്ടയം ഉദ്ഘാടനം ചെയ്തു. ബഷീർ ഉള്ളണം, കോയ സഖാഫി, ശൗഖത്ത് സഖാഫി, ജലീൽ മാസ്റ്റർ, അൻവർ കളറോഡ്, ഹാരിസ് ജൗഹരി, റഹീം മള്ഹരി, ശരീഫ് മണ്ണൂർ എന്നിവർ സംസാരിച്ചു. അബ്ദുലത്തീഫ് അഹ്സനി പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കരുവൻപൊയിൽ സ്വാഗതവും അഡ്മിൻ സെക്രട്ടറി നാസർ മസ്താൻ മുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.