ജിദ്ദ: സൗദിയിൽ കൊടും ശൈത്യം. വടക്കൻ മേഖലയായ തുറൈഫിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് ആറ് ഡിഗ്രിക്കും താഴെ. ഈ വർഷം ശീതകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അൽ ഖുറയാത്തിൽ മൈനസ് അഞ്ചും അറാറിൽ മൈനസ് നാലും ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ആഴ്ചാവസാനം വരെ രാജ്യത്തെ പല പ്രദേശങ്ങളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. രാജ്യത്തെ പല പ്രദേശങ്ങളിലും താപനില കുറയുന്നത് തുടരുകയാണ്.
തബൂക്കിൽ മൂന്ന് ഡിഗ്രി സെൽഷ്യസ്, മദീനയിൽ ഒമ്പത് ഡിഗ്രി സെൽഷ്യസ്, റിയാദിൽ 11 ഡിഗ്രി സെൽഷ്യസ്, മക്കയിൽ 16 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. കൊടുംതണുപ്പ് തുടരുന്നതിനാൽ കാലാവസ്ഥ സംബന്ധിച്ച് വിവരങ്ങൾ ഇടക്കിടെ കേന്ദ്രം പുറത്തുവിടുന്നുണ്ട്. രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും പ്രത്യേകിച്ച് വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽജൗഫ്, ഹാഇൽ, ഖസിം, തബൂക്ക് മേഖലയിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തബൂക്ക് മേഖലയിലെ അൽലൗസ്, അൽഖാൻ എന്നീ ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞ് വീഴ്ച തുടരാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞിനും കാഴ്ച തടയുന്ന പൊടി ഉയർത്തുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.