മഞ്ഞുവീഴ്‌ചയെ തുടർന്നുള്ള തബൂക്കിലെ മലനിരകൾ (ഫയൽ ചിത്രം)

സൗദിയിൽ മഞ്ഞ് പൊഴിയും ദിനങ്ങൾ; തണുപ്പ് കൂടും

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാൻ തുടങ്ങി. ബുധനാഴ്ചയോടെ പല പ്രദേശങ്ങളിലും കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര (എൻ.എം.സി) വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് താപനിലയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്‌. തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ-ലൗസ്, അലഖാൻ അൽ-ദഹർ, സൗദിയുടെ വടക്കൻ അതിർത്തിയിലെ അറാർ, തുറൈഫ്, അൽ-ഹസം, അൽ-ജലാമിദ് എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ച സാധ്യത നിലനിൽക്കുന്നത്. അൽ ജൗഫ് പ്രവിശ്യയിലെ ഖുറയാത്തിലും മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ട്.

വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിലും അൽ ഖുറയ്യാത്തിലുമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ താപനില. സൗദി അറേബ്യയിലെ ഏറ്റവും തണുപ്പുള്ള നഗരമായ തുറൈഫിൽ കുറഞ്ഞ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. തുറൈഫിലെ വിശാലമായ സമതലങ്ങളിലും പർവതങ്ങളിലും ‘വെളുത്ത കടൽ’ പോലെ മഞ്ഞു പടരുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഈ കാലാവസ്ഥയിൽ പല രാത്രികളിലും ഇവിടങ്ങളിൽ മഞ്ഞ് വീണുകൊണ്ടിരുക്കും. സന്ദർശകർക്ക് അവിസ്​മരണീയമായ അനുഭവം പകരുന്നതാണ് സൗദിയിലെ മഞ്ഞ് പൊഴിയുന്ന പ്രദേശങ്ങൾ.


കാലാവസ്ഥയിലെ മാറ്റങ്ങൾ തുടരുമെന്നും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴയ്​ക്ക്​ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്‌ഥ കേന്ദ്രം വിശകലന വിദഗ്ധൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക്, അൽ-വജ്, ദുബ, ഉംലുജ്, ഷർമ, തൈമ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.

ജിദ്ദ, മക്ക, റാബിഗ്, താഇഫ്, ജുമും, അൽ-കമൽ, ഖുലൈസ്, മക്ക മേഖലയിലെ ബഹ്‌റ, മദീന മേഖലയിലെ അൽ-അയ്സ്, ബദർ, യാംബു, അൽ-ഉല, ഖൈബർ, അൽ-മഹ്ദ്, വാദി അൽ-ഫറ, ഹനാകിയ, ദക്ഷിണ മേഖലയിലെ അൽ-ബാഹ, ബൽജുറാഷി, അൽ-മന്ദഖ്, അൽ-ഖുറ, ഖിൽവ, അൽ-മഖ് വ എന്നിവിടങ്ങളിലും മഴ പെയ്തേക്കും.


ഹാഇൽ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും ഞായറാഴ്ച മുതൽ മിതമായ തോതിൽ മഴ പെയ്യുന്നുണ്ട്. ഇത് ചൊവ്വാഴ്ച വരെ തുടരും. വടക്കൻ അതിർത്തി മേഖലയിലെ റഫ്ഹ, അറാർ, തുറൈഫ്, അൽ-ജൗഫ് മേഖലയിലെ സകാക, ദൗമത് അൽ-ജൻദൽ, അൽ-ഖുറയ്യാത്ത്, തബർജൽ, അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്, ദഹ്‌റാൻ അൽ-ജനൂബ്, അൽ-നമസ്, മഹായിൽ, തനുമ എന്നിവ കൂടാതെ ജീസാൻ, നജ്റാൻ മേഖലകളിലും മഴ പെയ്യും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബുറൈദ, ഉനൈസ, അൽ-റസ്സ് അടക്കം ഖസീം മേഖലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാത്വിൻ, ഖഫ്ജി, നാരിയ, ഖത്വീഫ്, ദമ്മാം എന്നിവിടങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലെ തന്നെ ദഹ്‌റാൻ, അൽ-ഖോബാർ, അബ്‌ഖൈഖ്, അൽ-അഹ്‌സ എന്നിവടങ്ങളിലും റിയാദ് നഗരത്തിന് പുറമേ, അൽ-ഖർജ്, മുസാഹ്​മിയ, അൽ-ഖുവയ്യ, മജ്മഅ, സുൽഫി, അൽ-ഗാത്ത്, ഷഖ്‌റ, ദവാദ്മി, അഫീഫ് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.


തിങ്കളാഴ്​ച അൽ-ജൗഫിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും വീശിത്തുടങ്ങുന്ന ഉപരിതല ശീതക്കാറ്റ് ചൊവ്വാഴ്ച മുതൽ ഹാഇൽ, ഖസീം എന്നിവിടങ്ങളിലേക്കും തുടർന്ന് റിയാദ് മേഖലയിലേക്കും പിന്നീട് കിഴക്കൻ പ്രവിശ്യയിലേക്കും വ്യാപിക്കുമെന്നും അൽ അഖീൽ പറഞ്ഞു. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹാഇൽ, അൽ-ഖസീം മേഖലകളിൽ താപനിലയിൽ വ്യക്തമായ കുറവുണ്ടാകുമെന്നും തീരദേശങ്ങളിൽ തിരമാലകൾ രണ്ടര മീറ്ററിലധികം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദീന മേഖലയുടെ വടക്കൻ ഭാഗത്ത് ഏറ്റവും താഴ്ന്ന താപനില ഒന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാകും. റിയാദിലും കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിലും ഏറ്റവും കുറഞ്ഞ താപനില രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - Snowfall In Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.