യാംബു: തബൂക്ക് മേഖലയിലെ അൽ ലോസ് പർവത നിരകളിൽ ചൊവ്വാഴ്ച മഴക്കൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായി. കനത്ത മഞ്ഞുമൂടി വെൺമ അണിഞ്ഞ വിസ്‌മയകരമായ കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. സമുദ്ര നിരപ്പിൽനിന്ന് 2,600 മീറ്റർ ഉയരത്തിലുള്ള അൽലോസ് മലമടക്കുകളിലെ മഞ്ഞുവീഴ്ച്ച കാണാൻ ആളുകൾ എത്തുന്നുണ്ട്. പല ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അൽ ജൗഫ്, തബൂക്ക് എന്നിവക്കൊപ്പം നജ്‌റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, റിയാദ് എന്നീ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടായിട്ടുണ്ട്. ജീസാനിലെ അൽ ഹഷ്ർ പർവത നിരകളിൽ കനത്ത തോതിൽ വെള്ളം കുത്തിയൊഴുകിയതായി റിപ്പോർട്ടുണ്ട്. അൽ ജൗഫിൽ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായി. ഇത്തരം ഭാഗങ്ങളിലും വരും ദിവസങ്ങളിലും കുറഞ്ഞ താപ നില തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റിയാദ്, മദീന, ജീസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിലെ ചില മേഖലയിൽ കഴിഞ്ഞ ദിവസം ഇടിമിന്നലും പ്രകടമായിരുന്നു. ചെങ്കടലിെൻറ വടക്കുപടിഞ്ഞാറ് ഉപരിതല കാറ്റിെൻറ വേഗത മണിക്കൂറിൽ 20 മുതൽ 45 വരെ വേഗതയിലായിരുന്നെന്നും തിരമാലകളുടെ ഉയരം ഒന്നു മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലായിരുന്നുവെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. റിയാദ്, ഖസീം, വടക്കുകിഴക്കൻ മേഖലകളിൽ ദൃശ്യപരത കുറയുംവിധം പൊടിക്കാറ്റ് വരും ദിവസങ്ങളിലും പ്രകടമാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ഏറെ ജാഗ്രത കൈക്കൊള്ളണമെന്നും അധികൃതർ മുന്നറിയി പ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.