ജിദ്ദ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിൽ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച പുലർച്ചെയാണ് മഞ്ഞ് വീഴ്ച്ചയുണ്ടായത്. തബൂക്കിന്‍റെ ചില ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായതായി റിപ്പോർട്ടുണ്ട്.
തുറൈഫിലെ പല ഭാഗങ്ങളും മഞ്ഞിന്‍റെ വെള്ള പുതച്ചിരിക്കുകയാണ്. താപനില കുറഞ്ഞ് പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയാണ്. മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കാൻ നിരവധി ആളുകളാണ് പുറത്തിറങ്ങിയത്. തുറൈഫിൽ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കൻ മേഖലയിൽ ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്ക് മേഖല കാലാവസ്ഥാ വിഭാഗം ഡയറക്ടർ ഫർഹാൻ അൽഅൻസി പറഞ്ഞു.
എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ്. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി, തബൂക്ക് മേഖലയിലെ ഉയരം കൂടിയ സ്ഥലങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽഅഖീൽ പറഞ്ഞു. ഈ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിലും തബൂക്ക് മേഖലയുടെ തെക്കൻ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച വടക്കൻ ഭാഗങ്ങളിലും ഹാഇൽ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരാനുള്ള സാധ്യതയുണ്ട്.
താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക വടക്കൻ, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയെത്തും. വടക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ പരമാവധി താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയെത്താം. പല പ്രദേശങ്ങളിലും താപനിലയിൽ വ്യക്തമായ കുറവ് വന്നതിനാൽ ഈ ആഴ്ച അവസാനം വരെ മഞ്ഞ് വീഴ്ച തുടരാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.