തബൂക്ക്: അഞ്ചു വർഷമായി താമസരേഖയില്ലാതെ കഴിഞ്ഞ തമിഴ്നാട് പേരാമ്പല്ലൂർ സ്വദേശി ശേഖർ കണ്ണനാണ് തബൂക്കിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവും ലോക കേരളസഭാ അംഗവുമായ ഉണ്ണി മുണ്ടുപറമ്പിന്റെ ഇടപെടലിലൂടെ നാടണയാനായത്.
അഞ്ചു വർഷം മുമ്പ് ബാർബർ ഷോപ്പിൽ ജോലിക്കായി വന്ന ശേഖർ ആദ്യത്തെ പത്ത് മാസത്തോളം കുഴപ്പമില്ലാതെ സ്പോൺസറുടെ കടയിൽ ജോലിചെയ്തു. എന്നാൽ പിന്നീട് ഇഖാമ പുതുക്കാൻ പണം ആവശ്യപ്പെട്ടു ശേഖർ പണം കൊടുത്തെങ്കിലും സ്പോൺസർ ഇഖാമ പുതുക്കി നൽകിയില്ല. ഇഖാമ ഇല്ലാതെ പിന്നീട് ജോലി ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ മറ്റ് ജോലികൾ തേടി.
ഒപ്പം സ്പോൺസർഷിപ് മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാല് വർഷത്തോളം പലയിടങ്ങളിലായി ജോലി ചെയ്തു. ഇതിനിടെ താമസരേഖ ഇല്ലാത്തതിന് പൊലീസ് പിടികൂടുകയും ഡീപോർട്ടേഷൻ സെന്ററിൽ കൊണ്ടുപോയി വിരലടയാളം എടുത്ത് വിട്ടയച്ചു.
സ്പോൺസർഷിപ് മാറാനും ഇഖാമ പുതുക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നാട്ടിലേക്ക് പോകാൻ വഴി തേടി ശേഖർ ഉണ്ണി മുണ്ടുപറമ്പിലിനെ സമീപിച്ചത്. ഉണ്ണി ശേഖറിനെയും കൂട്ടി തബൂക്ക് ലേബർ കോടതിയിൽ കൊണ്ടുപോയി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ അവതരിപ്പിച്ചു.
കേസ് ഫയലിൽ സ്വീകരിച്ചു പത്ത് ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നൽകാനുള്ള അനുമതി ലഭിച്ചു. ഡീപോർട്ടേഷൻ സെന്ററിൽ എക്സിറ്റിനു ചെന്നപ്പോൾ മൂന്ന് വർഷം മുമ്പ് വിരലടയാളം വെച്ചതുമായി 1000 റിയാൽ ഫൈൻ നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞു.
ഉടൻ ബാങ്കിൽ പോയി പിഴയടച്ചു ചെക്കുമായി ഡീ പോർട്ടേഷൻ സെന്ററിൽ ചെന്ന് ഫൈനൽ എക്സിറ്റ് വാങ്ങി നൽകി. കഴിഞ്ഞ ദിവസം തബൂക്കിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴി ചെന്നൈയിലേക്ക് ഇദ്ദേഹം യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.