വയനാട്ടിലെ ദുരിതബാധിതർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അടിയന്തര ആശ്വാസവും പുനരധിവാസത്തിനായി വലിയ തോതിലും സഹായങ്ങൾ പ്രവഹിക്കുകയാണ്. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ വിവിധ രൂപത്തിലുള്ള സഹായങ്ങൾ പ്രഖ്യാപിക്കുന്നു. നല്ല കാര്യം തന്നെ.
പക്ഷേ, ചില സഹായങ്ങളെങ്കിലും വാർത്തകളിൽ മാത്രം ഒതുങ്ങിപ്പോകുന്നുവോയെന്ന സംശയവും ഉയരുന്നുണ്ട്. കോടികൾ സഹായമായി പ്രഖ്യാപിക്കുന്നവർക്ക് ഇതെവിടെയാണ് ചെലവഴിച്ചത്, എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത കൂടിയുണ്ട്.
പ്രവാസലോകത്തും മറ്റും ഈ പേര് പറഞ്ഞ് വ്യാപകമായ പിരിവുകൾ നടന്നുകൊണ്ടിരിക്കുന്നു. നല്ലവരായ മുഴുവൻ ജനങ്ങളും ഇതുമായി സഹകരിക്കുന്നുണ്ട്. നല്ലൊരു ശതമാനം അവിടെ വിനിയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ പിന്നിൽ പലതരത്തിലുള്ള കള്ളനാണയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് അതിന്റെ ചെറിയൊരു അംശം മാത്രം അവിടെ ചെലവഴിച്ച് ബാക്കി കരാറുകാരും ഇടനിലക്കാരും കൊണ്ടുപോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കീഴിലോ അല്ലെങ്കിൽ മറ്റു സംവിധാനത്തിലോ അതത് സംഘടനകൾ പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെ രൂപത്തിൽ നടപ്പാക്കുന്നുവെന്നും ഇവരുടെ കൈകളിലേക്ക് വന്ന പണം മുഴുവനും അതിനുവേണ്ടി ചെലവഴിച്ചിട്ടുണ്ടോയെന്നും പൊതുസമൂഹത്തെ അറിയിക്കുന്നതാണ് മാന്യത. ദുരന്തവും അതിന്റെ അലയൊലികളും അവസാനിച്ചാൽ പിന്നീടാരും ഈ വാർത്തകളൊന്നും ഓർക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. അതാണ് മുൻകാലങ്ങളിൽ കണ്ടതും. അതുകൊണ്ട് തന്നെ അവിടെ എന്ത് നടന്നു എന്നോ അവിടെ എത്ര രൂപ ചെലവഴിച്ചുവെന്നോ ആരും ചോദിക്കുന്നില്ല എന്നതാണ് കള്ളനാണയങ്ങൾക്ക് ഗുണകരമായി മാറുന്നത്. അതിന് മാറ്റമുണ്ടാവണം. സോഷ്യൽ ഓഡിറ്റിങ് നടക്കണം, ഓർത്തുവെച്ച് തന്നെ. എത്രകാലം കഴിഞ്ഞാലും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.