ദമ്മാം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയിലാകമാനം നടക്കുന്ന പ്രക്ഷോഭ സാഹചര്യത്തിൽ ഗൾഫിലെ ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിൽ സൂക്ഷ്മത പുലർത്തണമെന്ന് അഭിപ്രായമുയരുന്നു. ജോലി ചെയ്യുന്ന രാജ്യത്തേയും ഭരണാധികാരികളേയും ആരാധനാലയങ്ങളേയും ആക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പോസ്റ്റുകളിട്ട ചില ഇന്ത്യക്കാരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വ്യാജ പോസ്റ്റുകൾ നിർമിക്കുകയായിരുന്നു എന്ന പ്രചരണമാണ് ചില മാധ്യമങ്ങളും സംഘടനകളും നടത്തുന്നത്. കഴിഞ്ഞ സൗദി ഭരണാധികാരിയെ മോശമായി ചിത്രീകരിച്ചും കഅ്ബ പൊളിക്കണമെന്ന് ആഹ്വാനം നടത്തിയും പോസ്റ്റിട്ട കർണാടക സ്വദേശിയെ അൽ ഹസയിലെ കമ്പനി തന്നെ പൊലീസിനെ ഏൽപിച്ചിരുന്നു.
ഇത്തരം പോസ്റ്റുകൾ സൗദി അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ മതം നോക്കാതെ തന്നെ കസ്റ്റഡിയിലെടുക്കും. ശേഷം കൃത്യമായ അന്വേഷണത്തിനു ശേഷം ശിക്ഷ വിധിക്കും. രാജ്യത്തെ ഭരണകൂടത്തേയും, മക്ക മദീന ഉൾപ്പെടുന്ന ആരാധനാലയങ്ങളേയും മോശമായി ചിത്രീകരിക്കുന്നത് സൗദിയിൽ കുറ്റകരമാണ്. സമൂഹമാധ്യമങ്ങളിൽ വ്യക്തികളെയോ, സ്ഥാപനങ്ങളേയോ സത്യവിരുദ്ധമായ രീതിയിൽ ചിത്രീകരിക്കുന്നതും കുറ്റകരമാണ്. നേരത്തെ ലുലു ഹൈപർ മാർക്കറ്റിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റിട്ടവരെ ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഖുർആൻ നിന്ദ നടത്തിയ മലയാളി അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപെട്ട് ഇപ്പോഴും ദമ്മാം ജയിലിലുണ്ട്. ഇത്തരക്കാരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കുറ്റകരമാണ്. കർണാടക സ്വദേശി ചെയ്ത പോസ്റ്റിന് കുറഞ്ഞ സമയം കൊണ്ട് ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് കിട്ടിയത്.
പൗരത്വഭേദഗതി നിയമവുമായി ബന്ധപെട്ട് സമൂഹമാധ്യമങ്ങളിൽ യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യുന്നതോ, സംവാദങ്ങളിൽ ഏർപ്പെടുന്നതോ തടയുകയോ, കുറ്റകരമായി കാണുകയോ ചെയ്യില്ല. അതേസമയം, നിമയമവിരുദ്ധമായും അപരെൻറ അവകാശങ്ങളെ ഹനിച്ചും ആക്ഷേപിച്ചും പോസ്റ്റിടുന്നതാണ് കുറ്റകരമാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കർണാടക സ്വദേശിയുടെ വിഷയത്തിൽ ഇടപെടാൻ എംബസ്സി സാമൂഹ്യ പ്രവർത്തകരോട് അഭ്യർഥിക്കുകയും, അനുമതി പത്രം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം ‘ഭീകരവാദം മതമല്ല’ എന്ന മുന്നറിയിപ്പുമായി സൗദി അധികൃതർ സന്ദേശ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്നേഹവും സമാധാനവും തകർക്കുന്ന രീതിയിലുള്ള സമൂഹമാധ്യമ ഇടപെടലുകളിൽ നിന്ന് പ്രവാസികളെങ്കിലും മാറിനിൽക്കാൻ തയാറാകണമെന്നും, എല്ലാവരും ഹിന്ദി എന്ന ഒറ്റ മേൽവിലാസത്തിലാണ് സൗദിയിൽ നിലനിൽക്കുന്നതെന്ന ബോധം ഉണ്ടാകണമെന്നും സാമൂഹ്യപ്രവർത്തകൻ നാസർ മദനി പറഞ്ഞു. വിദ്വേഷം പരത്താനുള്ള ഇടമാക്കി സമൂഹമാധ്യമങ്ങളെ മാറ്റുന്നത് സൗദി അധികൃതർ ഗൗരവപൂർവമാണ് വീക്ഷിക്കുന്നതെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ഷാജി വയനാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.