റിയാദ്: രാജ്യത്തെ റോഡുകൾ സന്ധിക്കുന്ന കവലകളിൽ വാഹനാപകടങ്ങൾ കാര്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. 92 ശതമാനം വരെയാണ് ഇങ്ങനെ കുറവ് വന്നതെന്ന് റോഡ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 149 റോഡ് കവലകളിൽ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിളക്കുകൾ സ്ഥാപിച്ചതിന്റെ ഫലമാണിത്.
രാത്രിക്കാഴ്ച മെച്ചപ്പെടുത്തുകയും റോഡ് ഉപയോക്താക്കൾക്കുള്ള പാതകൾ വ്യക്തമായി നിർവചിക്കുകയും ചെയ്തുകൊണ്ട് ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന് ഈ വിളക്കുകളുടെ പ്രകാശം സഹായിച്ചു.
ലൈറ്റിങ്ങിനായി സൗരോർജം ഉപയോഗിക്കുന്നത് പ്രവർത്തന ചെലവ് കുറക്കുന്നതിനും പരമ്പരാഗത ഊർജ സ്രോതസ്സുകളിൽ നിന്നുള്ള കാർബൺ ഉദ്വമനം കുറക്കുന്നതിനും സഹായകമായതായും ഗതാഗത അതോറിറ്റി വിശദീകരിച്ചു.
റോഡുകൾ നിർമിക്കുേമ്പാൾ വഴിവിളക്കുകൾ, ഗ്രൗണ്ട് പെയിൻറിങ്, ഇൻഫർമേഷൻ സൈനുകൾ, ഗ്രൗണ്ട് മാർക്കിങ്ങുകൾ, മുന്നറിയിപ്പ് വൈബ്രേറ്ററുകൾ, കോൺക്രീറ്റ് ഭിത്തികൾ, മറ്റ് സുരക്ഷ ഉപാധികൾ എന്നിവ സുരക്ഷക്കായി സ്ഥാപിക്കുന്നു. ഇത് ഗുണനിലവാരത്തിനും സുരക്ഷക്കും വേണ്ടിയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു.
റോഡ് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും റോഡ് ശൃംഖലയിലെ വർധിച്ചുവരുന്ന ഡിമാൻഡിനനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനത്തെ ഉയർത്താനും ഇത് സഹായിക്കുന്നു.
സുരക്ഷ, ഗുണനിലവാരം, ഗതാഗതത്തിരക്ക് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും പുതിയ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം വിപുലീകരിക്കാനുമാണ് ഗതാഗത അതോറിറ്റി ശ്രമിക്കുന്നത്.
റോഡ് ഗുണനിലവാര സൂചികയിൽ ആഗോള റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തുക, റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക, ഇൻറർനാഷനൽ റോഡ് അസസ്മെൻറ് പ്രോഗ്രാം അനുസരിച്ച് ട്രാഫിക് സുരക്ഷ ഘടകങ്ങൾ പ്രയോഗിക്കുക, റോഡ് നെറ്റ്വർക്ക് സേവനങ്ങളിൽ നൂതന നിലവാരം നിലനിർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.