യാംബു: പാസ്പോർട്ട് പുതുക്കൽ, വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യാംബുവിലെത്തിയെങ്കിലും നിരവധിയാളുകൾക്ക് സേവനം ലഭിച്ചില്ലെന്ന് പരാതി. സേവനം ആവശ്യമുള്ളവർ പരിപാടിക്ക് ഏഴു ദിവസത്തിനുള്ളിൽ മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് നേരത്തേ ബുക്കിങ് നടത്തിയവർ നിശ്ചിത സമയത്തിനുള്ളിൽ എത്തിയിട്ടും സേവനം കിട്ടാതെ മടങ്ങേണ്ടിവന്നു എന്നാണ് പരാതി. എന്നാൽ, തിരക്ക് കാരണം അപ്പോയിൻമെൻറ് സമയമല്ല പരിഗണിക്കുന്നതെന്നും ടോക്കൺ സിസ്റ്റം അനുസരിച്ചാണ് സേവനം നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി കാസർകോട് സ്വദേശി ഹനീഫ പറഞ്ഞു. ഉംലജിൽനിന്നും മറ്റും അപ്പോയിൻമെൻറ് എടുത്ത് രാവിലെയും ഉച്ചക്കും എത്തിയ പലർക്കും സമയത്ത് സേവനം കിട്ടാതെ വന്നതിനാൽ മടങ്ങിയ അനുഭവമുണ്ടെന്നും പരാതിയുണ്ട്. എന്നാൽ, മുഴുവൻ പേരെയും പരിഗണിച്ചിട്ടുണ്ടെന്നും 35 ആളുകൾക്കു മാത്രം ഒരേ സമയം പ്രവേശിക്കാൻ നിയന്ത്രണമുള്ളതിനാൽ ബാക്കിയുള്ളവരോട് പുറത്തുനിൽക്കാനും പിന്നീട് വിളിക്കാമെന്നും പറയുകയായിരുന്നെന്നും ജീവനക്കാർ പറഞ്ഞു. മടങ്ങിപ്പോയ ചിലരുടെ പരാതി കോൺസുലേറ്റിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറും യാംബുവിലെ സി.സി.ഡബ്ല്യു അംഗവുമായ ശങ്കർ എളങ്കൂർ പറഞ്ഞു. യാംബുവിനു പുറമെ ഉംലജ്, അൽ റൈസ്, ബദ്ർ, റാബിഖ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുകൂടി ധാരാളം പേർ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കാനും രേഖകൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാനും എത്തുക പതിവാണ്.
കോവിഡ് കാലത്തിനുമുമ്പ് എല്ലാ മാസവും യാംബു ടൗണിലെ 'വേഗ' ഓഫിസിൽ കോൺസുലാർ സന്ദർശനം ഉണ്ടായിരുന്നു. ഈ വർഷം ജനുവരിയിൽ ഈ ഓഫിസ് അടച്ചുപൂട്ടിയതാണ് പ്രതിസന്ധിയായത്. പാസ്പോർട്ട് സംബന്ധമായ അപേക്ഷകളും മറ്റും കോൺസുലാർ സന്ദർശന വേളയിൽ മാത്രമാണ് ഇപ്പോൾ സമർപ്പിക്കാൻ കഴിയുക. അതുമല്ലെങ്കിൽ ജിദ്ദയിലുള്ള കോൺസുലേറ്റിൽ നേരിട്ടെത്തി നൽകേണ്ട അവസ്ഥയാണുള്ളത്. ഇത് വ്യവസായ നഗരത്തിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് പ്രവാസികൾക്ക് പ്രതിസന്ധിയുണ്ടാക്കിയത് 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ദിവസവും പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.