ഖുൻഫുദ: ഉദരസംബന്ധമായ അസുഖംമൂലം ജോലിക്കുപോകാനാകാതെ വിഷമിക്കുകയും സ്പോൺസറുടെ മരണംമൂലം താമസരേഖയും മറ്റും പുതുക്കാനാവാതെ കഷ്ടപ്പെടുകയും ചെയ്ത മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അബ്ബാസ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽമൂലം വിദഗ്ധ ചികിത്സക്കായി സ്വദേശത്തേക്കു യാത്രയായി. 16 വർഷത്തോളമായി ഖുൻഫുദയിൽ മത്സ്യബന്ധന ജോലി ചെയ്തുവരുകയായിരുന്നു അബ്ബാസ്. കോവിഡ് വ്യാപനം മൂലം ജോലിയില്ലാതായ ഇദ്ദേഹത്തിന് എട്ടു മാസം മുമ്പ് സ്പോൺസർ മരിച്ചതോടെ താമസരേഖയും മറ്റും പുതുക്കാനാകാത്ത അവസ്ഥയായി.
ഇതിനൊപ്പം വയറിനകത്ത് അസുഖം കണ്ടെത്തിയതോടെ കൂടുതൽ ദുരിതത്തിലായി. ജോലിയും വരുമാനവുമില്ലാതെ വിഷമിച്ചിരുന്ന അബ്ബാസ് സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ കഴിഞ്ഞത്. രേഖകൾ ശരിയാക്കാനും ചികിത്സക്ക് നാട്ടിലെത്താനും പലവഴികൾ തേടിയെങ്കിലും വിഫലമായി. വിഷയമറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം ഖുൻഫുദ വെൽെഫയർ വളൻറിയർമാരായ വി.കെ.എച്ച്. ഹനീഫ, സൈതലവി, സഫാദ്, സഹീർ കണ്ണൂർ എന്നിവരുടെ ശ്രമഫലമായി സ്പോൺസറുടെ ബന്ധുവിനെ കണ്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇദ്ദേഹത്തിെൻറ സഹായത്തോടെ സ്പോൺസർഷിപ് മാറ്റിക്കിട്ടുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി. വിസ കാൻസൽ ചെയ്തു പോകാൻ തീരുമാനിച്ചിരുന്ന അബ്ബാസിന് സ്പോൺസറുടെ ബന്ധു റീ എൻട്രി നൽകാനും ചികിത്സക്കുശേഷം തിരിച്ചു വരാനുമുള്ള സൗകര്യം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം വളൻറിയർമാർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കുകയും പി.സി.ആർ ടെസ്റ്റിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. വിമാനയാത്ര രേഖകൾ നൽകി അബ്ബാസിനെ കഴിഞ്ഞ ദിവസം നാട്ടിലേക്കു യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.