ജിദ്ദ: സൗദിയിലെ ഗാർഹിക തൊഴിൽനിയമത്തിൽ സുപ്രധാനഭേദഗതി. ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ തുടങ്ങി ഗാർഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കുന്നതാണ് നിർണായക ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയാണ് ഭേദഗതി വരുത്തിയത്.
ശമ്പളം മുടങ്ങുന്നതുൾപ്പടെ തൊഴിലാളിക്ക് എതിരായ നടപടികൾ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദർഭങ്ങളിലാണ് സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് തൊഴിൽ മാറ്റാൻ അനുവദിക്കുന്ന പുതിയ ഖണ്ഡികകൾ നിയമാവലിയിൽ ചേർത്ത് ഭേദഗതി ചെയ്തിരിക്കുന്നത്. താഴെപ്പറയുന്ന സന്ദർഭങ്ങളിലാണ് നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ അനുമതി.
1. ഒരു കാരണവുമില്ലാതെ മൂന്ന് മാസം തുടർച്ചയായി ശമ്പളം മുടങ്ങുക. അല്ലെങ്കിൽ ഇടവിട്ട മാസങ്ങളിൽ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുക.
2. നാട്ടിൽ നിന്ന് വിസയിലെത്തുേമ്പാൾ സൗദിയിലെ വിമാനത്താവളങ്ങളിൽ സ്വീകരിക്കാൻ സ്പോൺസർ വരാതിരിക്കുക.
3. വിസയിൽ രാജ്യത്തെത്തി 15 ദിവസത്തിനുള്ളിൽ താമസ സൗകര്യവും ഇഖാമയും നൽകാതിരിക്കുക.
4. ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കാതിരിക്കുക.
5. തൊഴിലാളിയെ മറ്റൊരു വീട്ടിൽ ജോലിക്ക് നിയോഗിക്കുക.
6. ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന അപകടകരമായ ജോലിക്ക് നിയോഗിക്കുക.
7. വീട്ടുടമയോ കുടുംബാംഗങ്ങളൊ മോശമായി പെരുമാറുക.
8. എന്തെങ്കിലും പരാതി തൊഴിലാളി ശ്രദ്ധയിൽപെടുത്തിയാൽ അത് അവഗണിക്കുയോ പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോവുകയോ ചെയ്യുക.
9. തൊഴിലാളിക്കെതിരെ വ്യാജപരാതിയോ തെറ്റായ വിവരമോ അധികൃതർക്ക് നൽകുക.
10. ഗാർഹിക തൊഴിലാളികളുടെ തർക്ക പരിഹാര സമിതികൾക്ക് മുമ്പാകെ ഹാജരാകാൻ രണ്ട് തവണ അറിയിപ്പ് കിട്ടിയിട്ടും തൊഴിലുടമ അവഗണിക്കുക.
11. തൊഴിലാളിയുടെ പരാതിക്കെതിരെ അധികാരികളെ സ്വാധീനിക്കാൻ ശ്രമിക്കുക.
12. തൊഴിലുടമ സ്ഥലത്തില്ലാതിരിക്കലോ യാത്രയിലാവുകയോ തടവിലാവുകയോ ചെയ്യുകവഴിയോ മറ്റെന്തെങ്കിലും കാരണത്താലോ തൊഴിലാളിക്ക് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയുണ്ടാവുക.
13. തൊഴിലാളിയെ അയാളുടെ അറിവോ സമ്മതമോ കൂടാതെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുക.
14. പ്രബോഷനറി കാലയളവിൽ കരാർ അവസാനിപ്പിക്കുക.
ഇതിൽ ഏതെങ്കിലും കാരണമുണ്ടായാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ ഗാർഹിക തൊഴിലാളിക്ക് പുതിയ നിയമപ്രകാരം സ്വാതന്ത്ര്യമുണ്ടാവും. എന്നാൽ ഈ കാരണങ്ങൾ നിയമപരമായി തെളിയിക്കാൻ തൊഴിലാളിക്ക് കഴിയണം. ഗാർഹിക തൊഴിൽ മേഖലയെ നിയന്ത്രിക്കാനാണ് ഭേദഗതിയിലൂടെ മാനവ വിഭവശേഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദി തൊഴിൽ വിപണിയെ അതിെൻറ വിവിധ മേഖലകളിൽ ആകർഷകമാക്കുക, മികച്ച ആഗോള വിപണികൾക്ക് അനുസൃതമായി മാറ്റുക തുടങ്ങിയ മന്ത്രാലയത്തിെൻറ തീരുമാനങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമത്തിെൻറ ഭാഗവുമാണ് ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.