ദമ്മാം: സൗദിയിലേക്കുള്ള കുടുംബ സന്ദർശന വിസകളുൾപ്പെടെ എല്ലാ വിസകളുടെയും സ്റ്റാമ്പിങ് വി.എഫ്.എസ് കേന്ദ്രങ്ങൾ വഴിയാക്കിയതോടെ തുടരുന്ന ദുരിതങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല. കോഴിക്കോട് ഒരു കേന്ദ്രം കൂടി ആരംഭിച്ചതോടെ കുറച്ചുപേർക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും പുതിയ നിബന്ധനകളിൽ കുടുങ്ങിയാണ് അധികം പേരും ബുദ്ധിമുട്ടുന്നത്. സൗദിയിലെ തഹ്ഷീർ എന്ന കമ്പനിയാണ് വിസ സർവിസിങ്ങിനായി ഇന്ത്യയിൽ വി.എഫ്.എസിനെ തിരഞ്ഞെടുത്തത്.
ജി20 ഉച്ചകോടിയുടെ ഭാഗമായി സേവനനിലവാരം ഉയർത്തുന്നതിനാണ് പുതിയ സംവിധാനം. എന്നാൽ, നിലവിൽ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമായ അവസ്ഥയിലാണുള്ളത്. പ്രശ്നങ്ങൾ പരിഹരിച്ച് അധികം താമസിയാതെ കാര്യങ്ങൾ നേരെയാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ബന്ധുക്കൾക്ക് വേണ്ടിയുള്ള വിസ എടുക്കുമ്പോൾ ഡൽഹിയിലെ സൗദി എംബസി വഴിയുള്ളതാണെങ്കിൽ കൊൽക്കത്ത, ലഖ്നോ, ഡൽഹി എന്നിവിടങ്ങളിലെ വി.എഫ്.എസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി നടപടി പൂർത്തീകരിക്കേണ്ടിവരും. സർവിസ് ഫീസിനത്തിലും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്.
നേരത്തെ 10,000 രൂപക്ക് ലഭ്യമായ സേവനത്തിന് ഇപ്പോൾ 16,000 രൂപ വരെ കൊടുക്കേണ്ട അവസ്ഥയുണ്ട്. ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അപ്പോയ്ൻമെൻറ് കിട്ടിയെത്തുന്നവരുടെ രേഖകൾ പരിശോധിച്ച് ചെറിയ പിശകുകൾ ചൂണ്ടിക്കാട്ടി തിരിച്ചയക്കുന്ന അനുഭവങ്ങളും ഉണ്ടാകുന്നുണ്ട്.
ഈ രേഖകൾ ശരിയാക്കിക്കഴിഞ്ഞാൽ വീണ്ടും അപ്പോയ്ൻമെന്റ് ലഭിക്കാൻ അടുത്ത ഊഴം വരെ കാത്തിരിക്കണം. കുടുംബവുമായി എത്തുന്ന ചിലർക്ക് വിസ അടിച്ചുകിട്ടിയാൽ മറ്റു ചിലരുടേത് തിരസ്കരിക്കപ്പെട്ടേക്കാം.
മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും വിസയെടുത്ത പുന്നപ്ര സ്വദേശിയായ സൗദിയിലെ പ്രവാസിയുടെ അനുഭവം രസകരമാണ്. ഇവരെല്ലാം നേരത്തെ പലതവണ സൗദിയിലെത്തി മടങ്ങിപ്പോയിട്ടുള്ളവരാണ്. ഉമ്മയുടെ പേര് ജമീല ബീവി എന്നാണ്. എന്നാൽ പാസ്പോർട്ടിൽ ഉപ്പയുടെ പേരും ചേർത്ത് ജമീല അലിയാരുകുഞ്ഞ് എന്നാണുള്ളത്.
പേരിനോടൊപ്പം ‘ബീവി’ ഇല്ലെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചു. എന്നാൽ പിതാവിന്റെ വിസ സ്റ്റാമ്പിങ്ങിന് സ്വീകരിക്കുകയും ചെയ്തു.
നാലുമാസം മുമ്പ് മാത്രം സൗദിയിൽ നിന്ന് മടങ്ങിപ്പോയ ഭാര്യക്ക് വിസയടിക്കണമെങ്കിൽ വർഷങ്ങൾക്ക് മുമ്പുള്ള പഴയ പാസ്പോർട്ടുകൂടി ഹാജരാക്കണമെന്നാണ് മറ്റൊരു നിബന്ധന. ചുരുക്കത്തിൽ ഒരു ദിവസം മിനക്കെട്ട് 100 കിലോമീറ്ററിലധികം സഞ്ചരിച്ച് എത്തിയ കുടുംബത്തിലെ പകുതി പേർ വിസയടിച്ചു കിട്ടാൻ ഇനിയും ആദ്യം മുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
എന്നാൽ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽനിന്നൊക്കെ എത്തിയവർ ഇത്തരത്തിൽ തിരിച്ചയക്കപ്പെടുന്നത് സങ്കടകരമാണെന്ന് അനുഭവസ്ഥയായ കൊല്ലം സ്വദേശിനി ആർദ്ര പറഞ്ഞു. നാട്ടിൽ പി.ജിക്ക് പഠിക്കുന്ന, സൗദിയിൽ ജനിച്ചുവളർന്ന ആർദ്ര വിസ സ്റ്റാമ്പുചെയ്യാൻ ശ്രമിക്കുമ്പോഴാണ് തന്റെ വിസ ഡൽഹി എംബസി വഴിയുള്ളതാണെന്ന് മനസ്സിലാക്കിയത്. കൊച്ചിയിൽ അപ്പോയ്ൻമെൻറ് എടുക്കുന്നതിന് ശ്രമിക്കുമ്പോൾ അവിടെ മൂന്നു മാസത്തേക്ക് ഒഴിവുകൾ ഉണ്ടായിരുന്നില്ല.
ഒറ്റ മാസത്തെ കോളജ് അവധിക്ക് ദമ്മാമിലെത്തേണ്ട തനിക്ക് മൂന്ന് മാസം കഴിഞ്ഞിട്ടുള്ള അപ്പോയ്ൻമെൻറ് കിട്ടിയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി ഡൽഹിയിൽ നേരിട്ട് പോയി വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട്ടെ കേന്ദ്രം ആരംഭിച്ചിട്ടും കൊച്ചിയിലെ തിരക്കിന് കുറവ് വന്നിട്ടില്ല. നല്ലനിലയിൽ നടന്നിരുന്ന വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങൾ ഫലത്തിൽ ഇപ്പോൾ കൂടുതൽ പ്രയാസകരമായിത്തീർന്നിരിക്കുകയാണ്. അധികൃതർ അധികം താമസിയാതെ പരിഹാരം കണ്ടെത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.