ജുബൈൽ: തദ്ദേശീയരും വിദേശികളുമായ കളിക്കമ്പക്കാരെ ലക്ഷ്യമിട്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും (എസ്.എഫ്.ഐ) സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷനും (എസ്.എസി.എഫ്) സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യത്തെ എക്കാലത്തെയും വലിയ ക്രിക്കറ്റ് ടൂർണമെൻറാണ് നടക്കുന്നത്. ജനുവരി 29ന് ആരംഭിച്ച ടൂർണമെൻറ് ഏപ്രിൽ വരെ നീളം.
15 ക്രിക്കറ്റ് അസോസിയേഷനുകളിൽ നിന്ന് 6,800ൽ അധികം കളിക്കാർ പങ്കെടുക്കും. 369 ടീമുകൾ 11 നഗരങ്ങളിലായി 106 മൈതാനങ്ങളിലാണ് മാറ്റുരക്കുക. എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ 456 ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ഓരോ ടീമിനും പരമാവധി 20 ഓവറുകളുള്ള ട്വൻറി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. ആതിഥേയ നഗരങ്ങളിൽ റിയാദ്, ദമ്മാം, ജുബൈൽ, ജിദ്ദ, മദീന, യാംബു, തബുക്ക്, അബഹ, ജിസാൻ, അൽഖസിം, നജ്റാൻ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാർക്ക് അവസരമൊരുക്കുക എന്നതാണ് ജനപ്രിയ ടൂർണമെൻറുകളുടെ ലക്ഷ്യം.
രണ്ടാമത്തെ ഘട്ടത്തിൽ നടക്കുന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെൻറ് ഫെബ്രുവരി മുതൽ ഏപ്രിൽ വരെ തുടരും. ശേഷം ഒക്ടോബറിൽ ആരംഭിച്ച് നവംബർ വരെ നീളും. റിയാദ്, ദമ്മാം, ജുബൈൽ, ജിദ്ദ, തബുക്ക്, മക്ക, യാംബു, ജസാൻ, ഫർസൻ ദ്വീപ്, ത്വാഇഫ് ഉൾെപ്പടെ 11 നഗരങ്ങൾ ആതിഥേയത്വം വഹിക്കുന്ന സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെൻറിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിദ്ദ, യാംബു, മദീന, തബുക്ക്, റിയാദ്, ദമ്മാം, അൽലീത്ത്, അൽവാജ്, ഖുൻഫുദ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഫെബ്രുവരി മുതൽ ഡിസംബർ വരെ മത്സരങ്ങൾ സംഘടിപ്പിക്കും.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ജിദ്ദ, റിയാദ്, ദമ്മാം, യാംബു എന്നിവിടങ്ങളിൽ സോഷ്യൽ ക്രിക്കറ്റ് പരിപാടി നടക്കും. കായിക മന്ത്രാലയവും സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റിയും പിന്തുണക്കുന്ന വിവിധ പരിപാടികളിൽ 22,000ൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാവും മത്സരങ്ങൾ.
സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റിയുടെയും കായിക മന്ത്രാലയത്തിെൻറയും ആഭിമുഖ്യത്തിൽ 2020ലാണ് സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ സ്ഥാപിതമായത്. അമീർ സഉൗദ് ബിൻ മിഷാൽ അൽസഉൗദ് ആദ്യ പ്രസിഡൻറും ഡയറക്ടർ ബോർഡ് ചെയർമാനുമായിരുന്നു. രജിസ്റ്റർ ചെയ്ത 6,800 കളിക്കാരുമായി 15 പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനുകൾ എസ്.എസ്.എഫിന് കീഴിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.