ദമ്മാം: തണുപ്പു പുതച്ചുറങ്ങുന്ന രാവുകളെ മഴപ്പാട്ടുകൾകൊണ്ട് താരാട്ടു പാടാൻ ദമ്മാമിൽ ‘റെയ്നി നൈറ്റ്’ ഒരുങ്ങുമ്പോൾ മാന്ത്രിക വിരലുകളാൽ വിസ്മയം തീർക്കാൻ സ്റ്റീഫൻ ദേവസ്സിയും സംഘവും എത്തുന്നു. ഈ മാസം ഒമ്പതിന് അൽ ഖോബാറിലെ സിഗ്നേച്ചർ ഹോട്ടലിൽ അരങ്ങേറുന്ന സംഗീത രാവിൽ ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി മഴപ്പാട്ടുകൾക്കൊപ്പം ഫ്യൂഷൻ സംഗീതത്തിന്റെ ലഹരി സഹൃദയർക്ക് സമ്മാനിക്കും. വിരൽ മാന്ത്രികതകൊണ്ട് സ്റ്റീഫൻ ഒരുക്കുന്ന പാട്ടുകൾ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയത് അതിവേഗമാണ്.
പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ പി.കെ. ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-നാണ് ജനനം. ലെസ്ലി പീറ്ററാണ് സംഗീത ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൃശൂർ ചേതന മ്യൂസിക് അക്കാദമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ അംഗീകാരമുള്ള കോഴ്സിൽ ഉയർന്ന മാർക്കോടെ വിജയിച്ചു. 18-ാം വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു. ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.
‘ഹരിഹരൻപിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിൽ മാത്രമാണ് സ്വതന്ത്ര ചലച്ചിത്ര സംഗീതസംവിധാകയനായി പ്രവർത്തിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി പ്രവർത്തിച്ചിട്ടുണ്ട്. റൊമാൻസാ, സേക്രഡ് ചാൻറ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്. യമഹ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റെന്ന അംഗീകാരം നൽകി. ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്നസാക്ഷാത്കാരം പൂർത്തിയാക്കിയതടുത്ത കാലത്താണ്. ‘ഏക്ത’ എന്ന ആ സ്വപ്ന സിംഫണിയുടെ റെക്കോര്‍ഡിങ് ലണ്ടനിലെ ലോകപ്രശസ്തമായ അബ്ബേ റോഡ് സ്റ്റുഡിയോയിൽ പൂർത്തിയാക്കി. സംസ്കൃതത്തിലെ പാട്ടുകള്‍ പാശ്ചാത്യരൂപത്തില് അവതരിപ്പിക്കുന്ന സിഫണിയാണ് ‘ഏക്ത’. പേര് സൂചിപ്പിക്കുന്നത് പോലെ സംഗീതത്തിലൂടെ ലോകത്തെ ഒന്നിപ്പിക്കുക എന്ന ആശയമാണ് ഈ സിംഫണിയിലൂടെ സ്റ്റീഫന്‍ അവതരിപ്പിക്കുന്നത്.
‘സ്പൈഡർമാന്’ സിനിമയുടെ സൗണ്ട് റെക്കോര്‍ഡിങ് നിർവഹിച്ച ലൂയിസ് ജോൺസ് ആണ് സ്റ്റീഫന്റെ ഈ സിംഫണി മിക്സ് ചെയ്തത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സംഗീത വഴിയിലെ പരീക്ഷണങ്ങളേയും ഉപയോഗപ്പെടുത്തുന്നതിൽ മുന്നിലാണ് സ്റ്റീഫൻ. അതുകൊണ്ട് തന്നെയാവണം ഒരിക്കലും മടുക്കാത്ത സ്വരവീചികൾ ഈ മാന്ത്രികനിൽ നിന്ന് പിറക്കുന്നത്. ദമ്മാം കാത്തിരിക്കുകയാണ്, ഇതുവരെ ആസ്വദിക്കാത്ത സംഗീത രാവിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.