ഒന്ന്
ഇരുട്ട് നിറഞ്ഞ ആ മുറിയിൽ ഒരു കൈ തന്റെ അടുത്തേക്ക് നീളുന്നത് പോലെ. ‘നിങ്ങൾ വന്നുവോ? എന്തിന് വന്നു? നിങ്ങൾ വരരുതായിരുന്നു..’ കിടക്കയിൽ അവൾ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. നീണ്ട മറ്റൊരു ഉറക്കത്തിനുശേഷം വീണ്ടും ഉണർന്നു. വെയിൽനാളങ്ങൾ ജനൽക്കമ്പികളിലൂടെ ഇഴഞ്ഞുവന്ന് അവളെ പുണർന്നു. കണ്ണുകൾ വേദനിക്കുന്നുണ്ട്. കട്ടിലിന്റെ ഒരു വശത്തിരുന്ന് അടുത്തുള്ള മേശയിലെ ജഗ്ഗിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു. മാസത്തിൽ ഒരിക്കൽ തന്നെ കടന്നാക്രമിക്കുന്ന തലവേദന ഇന്ന് സഹിക്ക വയ്യ. വീട്ടിലായിരുന്നുവെങ്കിൽ ആരെങ്കിലും മരുന്ന് എടുത്ത് തന്നേനെ.. നെറ്റി തടവിയേനെ.. ചായ ഇട്ടേനെ.. ആരോ കതകിൽ മുട്ടി. ‘അഭി...’ അവൾ ഉരുവിട്ടു. ‘അഭി..എന്താ വൈകിയെ.. എന്നെ മറന്നുവോ.. ഞാൻ കാത്തിരുന്ന് മുഷിഞ്ഞു.. വല്ലാതെ’
രണ്ട്
‘ഹിബ... എന്താ ഇവിടെ ഒറ്റയ്ക്ക്?’ ചിന്തകൾ കട്ടപിടിച്ച അവളുടെ മനസ്സിനെ അഭി ഉണർത്തി. ‘വെറുതെ. ഞാൻ ഓരോന്നും വെറുതെ ചിന്തിക്കുകയായിരുന്നു.’ അവൾ ചിരിക്കാൻ ശ്രമിച്ചു. ‘പഴയ കാര്യങ്ങൾ ഇപ്പോഴും ഓർക്കാറുണ്ടോ?’ അവന്റെ ചോദ്യത്തിന് മറുപടിയില്ലാതെ അവൾ മറ്റെവിടേക്കോ കണ്ണുനട്ടു. അവൻ അവളെ ചേർത്തുപിടിച്ചു. അവന്റെ കൈകൾ ഇപ്പോഴും തണുത്തിരിക്കുകയാണെന്ന് അവളോർത്തു. പെട്ടെന്ന് ഹിബയുടെ മനസ്സിലേക്ക് തന്റെ ആദ്യനാളുകൾ ഓടിവന്നു. താൻ അഭിയോടൊപ്പം പുനർജനിച്ച ആദ്യനാളുകൾ. അവരുടെ പ്രണയത്തിന്റെ പിറന്നാളായിരുന്നു അന്ന്. മറ്റാർക്കും കാണാൻ കഴിയാത്ത രണ്ട് പ്രണയിതാക്കൾ ഒരേ ഗർഭപാത്രത്തിൽ എന്ന വണ്ണം മറ്റാരെയും വക വെക്കാതെ ഒട്ടിച്ചേർന്നുകിടന്നു.
എല്ലാം അവളന്നോർത്തു. ആദ്യമായി കണ്ണുകൾ ഉടക്കിയതും... സംസാരിച്ചതും... അവന്റെ തണുത്ത കൈകൊണ്ട് അവളെ ആദ്യം സ്പർശിച്ചതും എല്ലാം മനസ്സിലേക്ക് ഓരോന്നായി വരുന്നുണ്ടിപ്പോൾ. അവൻ ആദ്യനാളുകളിൽ തന്റെ അരികിൽ വരുമ്പോൾ വാക്കുകൾ വരണ്ടുപോയതും... കണ്ണുകൾ ഉടക്കുമ്പോൾ ഹൃദയമിടിപ്പ് കൂടിയതും എല്ലാം... അവൻ തൊടുമ്പോൾ തന്റെ കാഴ്ചയെത്തുന്ന അത്രയും ചുറ്റളവിൽ പൂക്കൾ പിറന്നു... പൂമ്പാറ്റകൾ നിറഞ്ഞു... അവകൾ പൂക്കളെ ചുംബിച്ചു... അവർ... രണ്ട് പ്രണയിതാക്കൾ അതിലൂടെ കൈകൾ കോർത്ത് നടന്നകന്നു. അനശ്വരമായ പ്രണയപ്പൂന്തോപ്പിൽ മഴ ആസ്വദിച്ച് അവർ ഒരുമിച്ച് നീങ്ങി. അതൊരു മാണിക്യമഴയായിരുന്നു. വാസനമഴയായിരുന്നു.
മൂന്ന്
കുറച്ച് വർഷം മുമ്പ് കോളജ് മാസികയുടെ പ്രകാശന ദിവസമാണ് അവരാദ്യമായി കണ്ടുമുട്ടുന്നത്. അതിൽ ഹിബ കുറിച്ച ഒരു കവിതയുമുണ്ടായിരുന്നു. ആ കവിതയുടെ ആശയം അഭി വരച്ചതിനാലായിരുന്നു അവർ ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്നാണവൾ അവനെ കുറിച്ചറിയുന്നത് പോലും. താൻ മനസ്സിൽ കണ്ടതെങ്ങനെ ഒരാൾക്ക് ഇത്ര ഭംഗിയായി വരക്കാൻ കഴിയുന്നു? അവളോർത്തു. അന്ന് കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കുറച്ചുദൂരം മാറി നിന്നാണ് സംസാരിച്ചത്. അവർക്ക് ഭയമുണ്ടായിരുന്നു... കാരണം അവർക്ക് ചുറ്റിനുമുള്ളവർ നല്ല ഭാവനാശാലികളും കഥകൾ നെയ്തുണ്ടാക്കുന്നവരുമാണ്. ഒരു കാമ്പസ് കഥയുടെ കഥാപാത്രങ്ങളായി ഉടലെടുക്കാൻ അന്നവർ ആഗ്രഹിച്ചിരുന്നില്ല.
‘ഹിബ... നല്ലയെഴുത്താണ് തന്റേത്. ഏറെ ഇഷ്ടമായി.. കവിതയെ...’ അവൻ അത് പറയുമ്പോൾ അവൾ അവനിൽ നിന്നും മുഖം തിരിച്ചു. സന്തോഷം ഒതുക്കി. അഭി... നെരൂദയുടെ കവിതകളെ ഇഷ്ടപ്പെടുന്നവൻ... ഇപ്പോൾ തന്റെയും... ആ വെള്ളാരം കണ്ണുകൾ... ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി... ജെൽ പുരട്ടിയൊതുക്കിയ തലമുടി... എല്ലാം അവനിലേക്ക് ആകർഷിക്കപ്പെടാനുള്ളത്. പുതിയ പുതിയ പ്രതീക്ഷകൾ മൊട്ടിട്ട് ക്ഷണനേരം കൊണ്ട് വിരിഞ്ഞ് ഉല്ലസിച്ചു. അന്ന് രാത്രി അവൾ ഉറങ്ങുന്നതിനുമുമ്പ് ആലോചിച്ചു... അവൻ എന്താ പറഞ്ഞെ... ആഹ്... നല്ലയെഴുത്ത്... ഏറെ... ഇഷ്ടമായി. അവൾ ചിരിച്ചു.
അടുത്തുള്ള ഒരു തലയണയെ കെട്ടിപ്പിടിച്ചു. ‘ടീച്ചറേ അവനെ ഓർക്കാതിരിക്കാൻ വല്ല പ്രാർഥനയുമുണ്ടോ?’ ഒരു മതപഠന കോഴ്സിൽ വെച്ച് തന്റെ അടുത്തിരുന്ന പെൺകുട്ടി ചോദിച്ചതായിരുന്നു അത്. അവൾക്ക് കുസൃതി തോന്നി. ഇരുട്ടുവീണ മുറിയിൽ മെല്ലെ കണ്ണുകൾ കാഴ്ചയെ തേടി. അഭി പറഞ്ഞതെല്ലാം വീണ്ടും അവൾ ഉരുവിട്ട് പറഞ്ഞു. ഒടുവിൽ തളർന്നുറങ്ങി... ഇനി ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കമാണ് എന്നറിഞ്ഞിട്ടുണ്ടാവില്ല. അവളുടെ ഓരോ ചലനവും നോട്ടവും സംസാരവുമെല്ലാം അഭിക്ക് വേണ്ടിയായിരുന്നു. അവർ അടുത്തു. ഒരുപാടൊരുപാട് അടുത്തു. അവൾ അവനിലും അവൻ അവളിലുമായി അലിഞ്ഞുചേർന്നു.
രണ്ടാളും ഒരേ ആത്മാവായിക്കഴിഞ്ഞു. അവർക്കിടയിൽ ഒരു പ്രണയവിത്ത് പ്രസവവേദന കൊണ്ട് മണ്ണിനടിയിൽ കിടന്ന് കരഞ്ഞു. ഓർമകളിലൂടെ മുളച്ച്... വളർന്ന്... അതേ ഓർമകൾ തന്നെ വീണ്ടും മൊട്ടിട്ടു. അത് പതിയെ ഒരു വൃക്ഷമായി മാറി. ചില്ലകൾ കുട പോലെ വിടർത്തി. അതിന്റെ പാതിമുളച്ച വേരുകൾ പടർന്നു... ആ പ്രണയമരം നിറയെ ചുവന്ന പൂക്കൾ ചൂടി. അവർ അതിന്റെ തണലിൽ ഇണക്കുരുവികളെ പോലെ കുറുകി. അവരുടെ ഇടയിൽ കാലങ്ങളോളം പടർന്നുകിടന്ന ഒന്നായി പ്രണയം രൂപംകൊണ്ടു.
ഹിബയെഴുതിയ കവിതകളിൽ തെളിഞ്ഞ ഭൂതകാലത്തെ ഏതോ ഭീകരാനുഭവത്തെക്കുറിച്ച് മറ്റുള്ളവർ വന്ന് തിരക്കിയപ്പോഴും അഭി അതിനെ കുറിച്ചൊന്നും ചോദിച്ചില്ല. അവൻ അവളെ മനസ്സിലാക്കിയിരുന്നു. ആരാധിച്ചിരുന്നു. സൂക്ഷ്മമായി പഠിച്ചിരുന്നു. അവൾ പറഞ്ഞതും പറയാത്തതുമെല്ലാം അവന് ഒരേ പോലെയാണ് എന്നവൾക്ക് തോന്നിയ നിമിഷം. ഹിബ തുടങ്ങിവെക്കുന്ന വരികൾ പൂർത്തീകരിക്കാൻ അഭിക്ക് കഴിഞ്ഞു... നേരെ തിരിച്ചും... അതങ്ങനെയായിരുന്നു അവരുടെ ഇടയിൽ... എല്ലാം... അങ്ങനെ ആയിരുന്നു.
നാല്
അന്ന് താൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. വൈകുന്നേരം സ്കൂൾ യൂനിഫോം മാറ്റി പെറ്റിക്കോട്ടും ധരിച്ച് എന്നും കളിക്കാൻ പോകാറുള്ള വീട്ടിൽ പതിവുതെറ്റാതെ പോയി. അഞ്ചിലോ ആറിലോ പഠിക്കുന്ന തന്റെ കളിക്കൂട്ടുകാരന് പെട്ടെന്ന് തന്നെ കണ്ടപ്പോൾ തോന്നിയ ഒരു തരം ആവേശം. അവന്റെ കണ്ണുകളാണ് ആദ്യം അവന്റെ നിഷ്കളങ്കതയെ വഞ്ചിച്ചത്. വെറും ആറ് വയസ്സ് പ്രായമുള്ള അവളോട് ആറാം ക്ലാസിൽ പഠിക്കുന്നവന് തോന്നിയതിനെയും പ്രണയം എന്ന് വിളിക്കാമോ? അതെന്ത് തരം പ്രണയമാണ്? അവന്റെ വിയർത്ത നെറ്റി... രൂക്ഷമായ നോട്ടം.. അവളിലേക്ക് അടുക്കുന്ന കൈകൾ... എല്ലാം അവളെ ഭയപ്പെടുത്തി. വീട്ടിൽ പോണമെന്നവൾ കെഞ്ചിയിട്ടും അവനിൽ ഉണർന്ന പിശാച് അടങ്ങിയില്ല. കുട്ടിക്കാലത്തെ ആ ഭീകരാനുഭവം അവളെ ഒരു നിഴലെന്നവണ്ണം പിന്തുടർന്നു. അഭിക്ക് ഒരുപക്ഷേ എല്ലാം അറിയാമായിരിക്കാം.. അവൻ ചോദിക്കില്ല.. അവളെ വേദനിപ്പിക്കില്ല.
അഞ്ച്
അവൻ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. തന്നെ നെഞ്ചോട് ചേർത്തുപിടിച്ച് തലമുടിയിലൂടെ കൈകളോടിച്ച് നെറ്റിയിൽ ചുംബിച്ചു. ഹിബയിലെ പെണ്ണ് വീണ്ടും ഉണരുന്നതായി അവൾക്ക് തോന്നി. ഈയിടയായിട്ട് അഭി തന്നെ ഒരു ലഹരിയായി ഉപയോഗിക്കുന്നത് പോലെ. എന്തിനും ഏതിനും വാശി... ദേഷ്യം.
ചില സുഖങ്ങൾക്കായി മാത്രം തന്റെയടുക്കൽ നല്ല വാക്കുകൾ പറഞ്ഞ് സമീപിക്കുന്നു. അവൾ സ്വയം സമർപ്പിക്കുന്നു. എത്രയോ തവണ അഭിയുടെ ആഗ്രഹങ്ങൾക്ക് കീഴടങ്ങി. തന്റെ അഭിമാനം അവന്റെ മുന്നിൽ മുട്ടുകുത്തിവീണ നിമിഷം. താൻ തന്നെ ബലികൊടുത്ത നിമിഷം... അവളൊരു വലിയ ഇരിമ്പിൻക്കൂട്ടിലാണെന്നവൾക്ക് മനസ്സിലായി. അതിന്റെ താക്കോലോ... അവന്റെ കൈയിൽ!
അന്ന് കണ്ട് മിണ്ടിയ ശേഷം യാത്രപോലും പറയാതെ അഭി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്നെ പിരിഞ്ഞ് മറ്റെവിടെയോ പോയി. ഒരുപാടുനാൾ അന്വേഷിച്ചു... അയച്ച മെസേജുകൾ കണ്ടിട്ടുകൂടിയില്ല. ഒരുപക്ഷേ, അവനെന്തെങ്കിലും? ഹിബ ആകെ മാറി.. അവന്റെ ചിന്തകൾ.. ഓർമകൾ.. ആ വെള്ളാരം കണ്ണുകൾ എല്ലാം തന്നെ അവളെ ക്ഷീണിതയാക്കി. അവൾ പൊട്ടിക്കരഞ്ഞു.. ചിലപ്പോൾ പൊട്ടിച്ചിരിച്ചു.. അവൾക്ക് ഭ്രാന്ത് പിടിക്കുന്നതായി അനുഭവപ്പെട്ടു... ‘അഭി..’ അവൾ തേങ്ങി, ഒടുവിൽ ഉറക്കത്തിലേക്ക് വഴുതി.
ജീവിതത്തിലെ ദുഃഖനിമിഷങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം. അഭി അടുത്തില്ലാത്തപ്പോൾ നെരൂദയുടെ കവിതകൾക്ക് ജീവൻ വറ്റുന്നതായി അവൾക്ക് അനുഭവപ്പെട്ടു... തന്റെ സംസാരം കേൾക്കാൻ നല്ല ഭംഗിയാണെന്നവൻ പറഞ്ഞ നിമിഷം... ഹിബ എന്ന് വിളിക്കുമ്പോൾ അതിന് എന്തെന്നില്ലാത്തൊരു പ്രത്യേകതയായിരുന്നു... താൻ പോലും അറിയാതെ തന്റെ മനസ്സിലേക്ക് കടന്ന് അതിലുള്ള എല്ലാം വായിച്ചെടുത്തതും...
തന്നെ കണ്ടില്ലെങ്കിൽ അവൻ തന്നെ തിരക്കുന്നതും... എല്ലാം അവൾക്ക് ഒന്നുകൂടി അനുഭവിക്കാൻ കൊതി. ഒരു മനോഹരമായ സ്വപനം കണ്ട് തീരും മുമ്പേ ഉറക്കത്തിൽ നിന്നാരോ എഴുന്നേൽപിച്ചതുപോലെ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ദിവസങ്ങൾ ആഴ്ചകളായി... ആഴ്ചകൾ വർഷങ്ങളായി മാറി. കാലമാകുന്ന കടലിൽ ആഴ്ന്നിറങ്ങി അവിടെ നിന്ന് ഒരുപാട് ദൂരം നീന്തി. എത്ര ദൂരം നീന്തി എന്ന് നിശ്ചയമില്ല.. കര കാണുന്നതുവരെ. അത്രമാത്രം. ഒരു ഹൃദയമിടിപ്പ് അവനായി കാത്തിരിക്കുന്നത് അവൻ അറിയുന്നുണ്ടാവുമോ? എന്തോ തിരികെ അവൻ മടങ്ങിവരും എന്നുള്ള പ്രതീക്ഷ മങ്ങിത്തുടങ്ങി.
ആറ്
അവൻ തന്നെ മറന്നുകാണുമോ? തന്നെ എപ്പോഴെങ്കിലും അവൻ ഓർത്തിട്ടുണ്ടാകുമോ? സുന്ദരമായ നിമിഷങ്ങളെങ്കിലും? അതോ തന്നെ വെറുത്തു തുടങ്ങിയോ? ഒരു റോസാപ്പൂ വാടി അന്ത്യശ്വാസം വലിച്ച് നിലം പതിച്ച് കിടന്നു. തന്റെ പ്രണയം പോലെ. അഭി പോയേപിന്നീട് തന്റെ മനസ്സ് നൂലുപൊട്ടിയ ഒരു പട്ടം പോലെയാണ്.
അഭിയെ കണ്ടുവെങ്കിലും അവൻ തന്നെ ശകാരിക്കുകയാണ് ചെയ്തത്. അവൻ എന്താ പറഞ്ഞത്? അവളോർത്തെടുത്തു.. ആഹ് അവനത് കുട്ടിക്കളിയായിട്ടേ കണ്ടിട്ടുള്ളൂ എന്ന്! പക്ഷേ തനിക്കതങ്ങനെയായിരുന്നോ? അഭി മരിച്ചെന്നറിഞ്ഞിരുന്നേൽ അവൾ ഇത്രയും വിഷമിക്കുമായിരുന്നില്ല. കാരണം, അതിലൊരവസാനം ഉണ്ട്.. ഒരുപക്ഷേ, ഇനിയുമവൾ കാത്തിരുന്നേക്കാം. അതങ്ങനെയാണ്, നമുക്ക് പറഞ്ഞിട്ടില്ലാത്ത നമ്മുടേതല്ലാത്തതിന്റെ പിന്നിലോടാൻ അനുസരണയില്ലാത്ത മനസ്സ് പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. വീണ്ടും വീണ്ടും.
ഏഴ്
കതകു തുറന്ന് ഡോക്ടറും നഴ്സും അകത്തേക്ക് പ്രവേശിച്ചു. അവൾ ഭയന്നു. അലർച്ച, കരച്ചിൽ. മരുന്ന് ബലമായി കൊടുത്തതിനുശേഷം അവർ മടങ്ങി. പക്ഷേ, ചില രൂപങ്ങൾ... സംസാരങ്ങൾ അവൾക്ക് അനുഭവപ്പെട്ടു. ആരൊക്കെയോ തന്റെ അടുക്കൽ വരുന്നു... തന്നോടെന്തോ മിണ്ടുന്നു... തന്റെ മേനിയെ തടവുന്നു... അവൾ ചോദിച്ചു, ‘എന്റെ അഭിയെ കണ്ടോ?’ അവളുടെ മുറിവുകൾ ആറുന്നില്ല, അത് നീറിക്കൊണ്ടിരുന്നു. വീണ്ടും ഒരു മയക്കത്തിലേക്ക് വഴുതി. ആ പ്രണയവിത്ത് ഒരു വിഷവിത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.