ബുറൈദ: സ്വന്തം ജീവനക്കാരെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിച്ചാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനിയോ സ്ഥാപനമോ അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിച്ചാലും സ്വന്തം ജീവനക്കാരെ മറ്റുള്ളവർക്ക് വേണ്ടിയോ അന്യസ്ഥാപനത്തിൽ സ്വന്തം ആവശ്യത്തിനായോ ജോലി ചെയ്യാൻ അനുവദിച്ചാലും റിക്രൂട്ട്‌മെന്റ് വിലക്കും പിഴയും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ വരെ പിഴയും അഞ്ചുവർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനവും ഏർപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക മാധ്യമങ്ങളിൽ സ്വന്തം ചെലവിൽ തങ്ങളുടെ പേരുകൾ അടക്കം പരസ്യപ്പെടുത്തേണ്ടി വരുകയും ചെയ്യും.
നിയമലംഘനത്തിന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാനും വകുപ്പുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. തൊഴിലുടമ വിദേശിയാണെങ്കിൽ സൗദി അറേബ്യയിൽനിന്ന് നാടുകടത്തപ്പെടുകയും ചെയ്യും.
മക്ക, റിയാദ് മേഖലകളിലെ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുടനീളം 999 എന്ന നമ്പറിലും വിളിച്ച് താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.