ജിദ്ദ: ഏതാനും ദിവസം മുമ്പ് മസ്തിഷ്കാഘാതം സംഭവിച്ച കാസര്‍കോട് സ്വദേശി ബാവിക്കര മുഹമ്മദ് കുഞ്ഞി (58) നാടണയാൻ സഹായം തേടുന്നു. നിരവധി വര്‍ഷങ്ങളായി ജിദ്ദയില്‍ സൗദി പൗരെൻറ വീട്ടില്‍ പരിചാരകനായി ജോലിചെയ്യുകയായിരുന്നു. സ്പോണ്സര് ഏതാനും മാസം മുമ്പ് മരിച്ചു. അതിന് ശേഷം മുഹമ്മദ് കുഞ്ഞി മറ്റൊരു സ്വദേശിയുടെ വീട്ടില്‍ പരിചാരകനായി ജോലിചെയ്യുകയായിരുന്നു. ഇതിനിടെ, രക്തസമ്മർദം കൂടി മസ്തിഷ്കാഘാതം സംഭവിച്ചു.
സ്പോണ്‍സറുടെ ബന്ധുക്കളുടെ സഹായത്താല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. ഇവിടത്തെ ചികിത്സക്കുശേഷം മുഹമ്മദ് കുഞ്ഞിയെ നാട്ടുകാര്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവരുകയും അത്യാവശ്യ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ജിദ്ദ നാഷനല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഖാലയില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്തിരുന്ന മകന് ബിലാല്‍ ജോലിയില്‍നിന്നും അവധി എടുത്ത് പിതാവിനെ ശുശ്രൂഷിക്കാന്‍ കൂടെയുണ്ട്. ചികിത്സക്ക് ഭീമമായ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കൂടാതെ, കുടുംബത്തിെൻറ ഏകാവലംബമായിരുന്ന മകെൻറ ശമ്പളവും നിലച്ചിരിക്കുകയാണ്.
നാട്ടുകാരായ അബ്ദുല്‍ ഖാദര്‍ ചെംനാട്, കാദര്‍ ചെര്‍ക്കള, മുനീര്‍ ചെംനാട് തുടങ്ങിയവര്‍ ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ ചികത്സക്കായി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. ആശുപത്രിയില്‍ ഒരാഴ്ചയെങ്കിലും ചികിത്സിച്ച് വീല്‍ചെയറില്‍ ഇരുത്തി നാട്ടിലേക്ക് അയക്കുകയാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു.
ഇതിനുള്ള ചെലവിനും വിമാന ടിക്കറ്റിനുമായി ഭീമമായ തുക വേണ്ടിവരും. നാട്ടില്‍ ഇവരുടെ കുടുംബവും വളരെ പ്രയാസത്തിലാണ്. സഹായിക്കാന്‍ താല്പര്യമുള്ളവർക്ക് 0501590682, 0559057355, 050218018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.