റിയാദ്: തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ സൗദി അറേബ്യയുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുടെ ത്രിദിന സന്ദർശനം പര്യവസാനത്തിലേക്ക്.
സമയമെടുത്തു തന്നെ കാണേണ്ടവരെയെല്ലാം കണ്ട് സൗഹൃദം സുദൃഢമാക്കി മന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ സൗദി സന്ദർശനം പൂർണതയിലെത്തിക്കുകയാണ് അദ്ദേഹം. ഞായറാഴ്ച ഉച്ചക്ക് റിയാദിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ചകൾ നടത്തി പരമാവധി ഫലപ്രാപ്തിയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
ശനിയാഴ്ച റിയാദിലെത്തിയ ഉടൻതന്നെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫുമായി കൂടിക്കാഴ്ച നടത്തിയതിനും രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.
വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രത്തോളം ദൃഢബന്ധം അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിന്റെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കാൻ ഇരുകൂട്ടരുടെയും പങ്കാളിത്തങ്ങളും അതിന്റെ എല്ലാ വശങ്ങളും ചർച്ചക്ക് വിഷയമായി.
മന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയശങ്കറിനും അനുഗമിച്ച ഇന്ത്യൻ ഉന്നതോദ്യോഗസ്ഥ സംഘത്തിനും ഊഷ്മള സ്വീകരണമാണ് സൗദി വിദേശകാര്യമന്ത്രാലയത്തിൽ ലഭിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറിയും ഇന്ത്യയിലെ മുൻ സൗദി അംബാസഡറുമായ ഡോ. സഊദ് അൽ-സാത്തി, നിലവിലെ അംബാസഡർ സാലെഹ് അൽ-ഹുസൈനി എന്നിവർ പങ്കെടുത്തു.
തുടർന്ന് രാഷ്ട്രീയ-സുരക്ഷ-സാമൂഹിക-സാംസ്കാരിക സഹകരണത്തിനുള്ള സംയുക്ത സമിതിയുടെയും (പി.എസ്.എസ്.സി) അതിനുകീഴിലെ രാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷ, സാമൂഹിക-സാംസ്കാരിക ബന്ധം, പ്രതിരോധ സഹകരണം എന്നിവക്കായുള്ള വർക്കിങ് ഗ്രൂപ്പുകളുടെയും യോഗങ്ങളിലും ഇരു വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു.
ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ പര്യടന പരിപാടി പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.