ജിദ്ദ: സൗദി അറേബ്യയിൽ രൂപകൽപനചെയ്ത് നിർമിച്ച രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം വിജയകരം. കസാഖ്സ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽനിന്ന് സൗദി അറേബ്യയടക്കം 18 രാജ്യങ്ങളിൽനിന്നുള്ള 38 ഉപഗ്രഹങ്ങൾ റഷ്യൻ സോയൂസ് 2.1 എന്ന റോക്കറ്റ് മുഖേനയാണ് തിങ്കളാഴ്ച ബഹിരാകാശത്തെത്തിച്ചത്. ഷഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ പേരുകളിലുള്ള ഉപഗ്രഹങ്ങളാണ് സൗദി ശാസ്ത്രജ്ഞർ നിർമിച്ചത്. ശാസ്ത്രീയ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഉപഗ്രഹങ്ങൾ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെ.എ.സി.എസ്.ടി), കിങ് സൗദ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.
കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള പതിനേഴാമത് ഉപഗ്രഹമാണ് ബഹിരാകാശത്തെത്തിച്ച ഷഹീൻ സാറ്റ്. ബഹിരാകാശത്തുനിന്നും ഭൂമിയുടെ ഫോട്ടോ എടുക്കുന്നതിനും കപ്പലുകളുടെ ട്രാക്കിങ്ങിനുമായാണ് ഉപഗ്രഹം ഉപയോഗിക്കുക. ചെറിയ വലുപ്പത്തിലുള്ള ഉപഗ്രഹങ്ങളുടെ പുതിയ തലമുറയാണ് ഷഹീൻ സാറ്റ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ വികസിപ്പിക്കുകയും നിർമിക്കുകയുംചെയ്ത 75 കിലോ ഭാരത്തിലും നീളം, വീതി, ഉയരം എന്നിവ 56, 56, 97 സെൻറിമീറ്റർ അളവുകളിലുമുള്ള ഈ ഉപഗ്രഹത്തിൽ നിന്നും തെളിമയോടെയുള്ള ചിത്രങ്ങൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. കിങ് സൗദ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമായ ക്യൂബ് സാറ്റ് വിദ്യാഭ്യാസ ആവശ്യത്തിനും ഉപയോഗിക്കും. 10 സെൻറി മീറ്റർ വീതം നീളവും വീതിയും ഉയരവും ഒരു കിലോ ഭാരവുമുള്ള ക്യൂബ് രൂപത്തിലുള്ള ഉപഗ്രഹമാണ് കിങ് സൗദ് യൂനിവേഴ്സിറ്റി നിർമിച്ചത്.
കിങ് സൗദ് യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ 130ഓളം വിദ്യാർഥികൾ രൂപകൽപന ചെയ്താണ് ക്യൂബ് സാറ്റ് നിർമിച്ചത്. ക്യൂബ് രൂപത്തിലുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന ആദ്യ സൗദി സർവകലാശാലയാണ് കിങ് സൗദ് യൂനിവേഴ്സിറ്റി. ചെറുതും വലുതുമായ ഉപഗ്രഹങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ആശയവിനിമയം നടത്താൻ ഈ ചെറു ഉപഗ്രഹത്തിന് സാധിക്കും. ബഹിരാകാശത്തിെൻറയും ഭൂമിയുടെയും ചന്ദ്രെൻറയും ചിത്രങ്ങൾ എടുത്ത് സർവകലാശാലയിലെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുക എന്നതാണ് ഈ ഉപഗ്രഹത്തിെൻറ ദൗത്യം.
സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ പിന്തുണയോടെ രാജ്യത്തെ ഗവേഷണം, വികസനം, നവീകരണം എന്നീ മേഖലകൾക്ക് ലഭിച്ച വലിയ പ്രോത്സാഹനത്തിെൻറ ഫലമായാണ് ഇത്തരമൊരു സംരംഭം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് കെ.എ.സി.എസ്.ടി പ്രസിഡൻറ് ഡോ. അനസ് ബിൻ ഫാരിസ് അൽ ഫാരിസ് പറഞ്ഞു. ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായിട്ടാണ് ഉപഗ്രഹ വിക്ഷേപണത്തിെൻറ വിജയമെന്നും 20 വർഷത്തിനിടെ തങ്ങൾ 17 ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന കാര്യക്ഷമമായ ഉപഗ്രഹങ്ങൾ വികസിപ്പിക്കാനും നിർമിക്കാനും സൗദി ബഹിരാകാശ കമീഷനുമായി സഹകരിച്ച് കെ.എ.സി.എസ്.ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഉപഗ്രഹ വിക്ഷേപണ വിജയത്തോടെ സൗദി അറേബ്യയിലെ സുപ്രധാന ശാസ്ത്രമേഖല പര്യവേക്ഷണം ചെയ്യുന്ന ആദ്യത്തെ സർവകലാശാലയായി കിങ് സഊദ് യൂനിവേഴ്സിറ്റി മാറി. രാജ്യത്തെ വിദ്യാഭ്യാസത്തിന് നൽകുന്ന പരിചരണത്തിനും പിന്തുണക്കും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും വിഷൻ 2030െൻറ വെളിച്ചത്തിൽ വിവിധ മേഖലകളിൽ രാജ്യത്തിെൻറ വികസനത്തിന് ഇത് ഗുണം ചെയ്യുമെന്നും യൂനിവേഴ്സിറ്റി മേധാവി ഡോ. ബദ്റൻ ബിൻ അബ്ദുറഹ്മാൻ അൽ ഉമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.