റിയാദ്: ആഭ്യന്തര സംഘർഷംമൂലം ദുരിതത്തിലായ സുഡാൻ ജനതക്ക് സഹായഹസ്തം നീട്ടി സൗദി അറേബ്യ. 1000 കോടി ഡോളറിന്റെ മാനുഷിക സഹായവും ചികിത്സയും ദുരിതബാധിതർക്ക് എത്തിക്കുമെന്ന് കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേശകനുമായ ഡോ. അബ്ദുല്ല അൽ-റബീഅ പറഞ്ഞു.
സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ വീടും ജീവനോപാധികളും ഇട്ടെറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും എത്തിപ്പെട്ടവർക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വൈദ്യസഹായവും ഉടൻ ലഭ്യമായിത്തുടങ്ങും. പ്രതിസന്ധി ഘട്ടത്തിൽ സുഡാനിലെ ജനങ്ങൾക്കൊപ്പം നിൽക്കാനും സൈനിക ഏറ്റുമുട്ടലിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള സൗദി സർക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമാണ് സഹായ പ്രഖ്യാപനമെന്ന് ഡോ. റബീഅ വ്യക്തമാക്കി.
നിരവധി രാജ്യങ്ങളിലെ ദരിദ്രർക്ക് നിരന്തരം ആശ്വാസമെത്തിച്ചു കൊണ്ടിരിക്കുന്ന കെ.എസ് റിലീഫിന്റെ മാനുഷിക പ്രവർത്തനം കൂടുതൽ വിശാലമാക്കുന്നതിന്റെ ഭാഗമാണ് സുഡാനിലേക്കുള്ള സഹായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശ പ്രകാരം തിങ്കളാഴ്ച മുതൽ രാജ്യത്ത് ധനസമാഹരണ കാമ്പയിൻ ആരംഭിച്ചു.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കുവേണ്ടി വലിയ തോതിൽ ഫണ്ട് സമാഹരണം നടന്ന സാഹിം പ്ലാറ്റ്ഫോം വഴിയാണ് സുഡാൻ ജനതക്കുവേണ്ടിയും സഹായം സ്വരൂപിക്കുന്നത്. ഇതിലേക്ക് പരമാവധി സഹായം നൽകാൻ പൊതുജനങ്ങളോട് ഡോ. റബീഅ അഭ്യർഥിച്ചു. https://sahem.ksrelief.org/sudan ലിങ്ക് വഴിയോ ആപ്ൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ എന്നിവയിലെ sahem ആപ്ലിക്കേഷൻ വഴിയോ സഹായം നൽകാം.
നാലാഴ്ച പിന്നിട്ട ആഭ്യന്തര യുദ്ധത്തിൽ 500ൽപരം പേർ മരിക്കുകയും 10,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലക്ഷത്തോളം പേരാണ് വിവിധ നാടുകളിലേക്ക് പലായനം ചെയ്തത്. സുഡാനിൽ ഏറ്റുമുട്ടുന്ന ഇരു സൈനിക വിഭാഗങ്ങളുടെയും പ്രതിനിധികൾ സൗദി-യു.എസ് മുൻകൈയിൽ ജിദ്ദയിൽ ചർച്ചയിലാണ്. ഇതിൽ പങ്കെടുക്കാനായി യു.എൻ മാനുഷികകാര്യ അണ്ടർ സെക്രട്ടറി മാർട്ടിൻ ഗ്രിഫിത്സ് ഞായറാഴ്ച ജിദ്ദയിലെത്തി.
ജിദ്ദ: സുഡാനിൽനിന്ന് പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കുന്നതിനുള്ള സൗദി രക്ഷാദൗത്യം തുടരുന്നു. സുഡാനികളും യമനികളുമായ 453 പേരെക്കൂടി രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു.
‘അബ്ഹ’, ‘റിയാദ്’എന്നീ കപ്പലുകളിലാണ് ഇത്രയുംപേരെ എത്തിച്ചത്. കൂടാതെ സൗദി എയർഫോഴ്സിന്റെ മൂന്ന് വിമാനങ്ങളിലായി 31 സ്വദേശികളും 690 വിദേശികളും ജിദ്ദയിലെത്തി.
സുഡാൻ, ലബനാൻ, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, കെനിയ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ളവരാണ് വിമാനത്തിലെത്തിയ വിദേശികൾ. വിദേശ പൗരന്മാർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും സൗദി ഭരണകൂടം യാത്രയിലും പ്രവേശന കവാടങ്ങളിലും ഒരുക്കിയിരുന്നു.
സൗദിക്ക് കീഴിൽ സുഡാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കൽ പ്രവർത്തനം ആരംഭിച്ചശേഷം ഇതുവരെ 8498 പേരെ ജിദ്ദയിലെത്തിച്ചതായാണ് കണക്ക്. ഇതിൽ 278 പൗരന്മാരും 8220 പേർ 110 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.