റിയാദ്: സുഡാനിൽ ഏറ്റുമുട്ടുന്ന സൈനിക വിഭാഗങ്ങളായ ആംഡ് ഫോഴ്സിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ ജിദ്ദയിൽ ഹ്രസ്വകാല വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു. സൗദി, യു.എസ് സംയുക്ത ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന സംഭാഷണങ്ങളെ തുടർന്നാണ് താൽക്കാലിക വെടിനിർത്തൽ. പരസ്പര ധാരണയിലെത്തിയാൽ വെടിനിർത്തൽ തുടരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്. ആശുപത്രികളിൽനിന്നും മറ്റ് പൊതുസ്ഥലങ്ങളിൽനിന്നും സൈന്യത്തെ പിൻവലിക്കാനും ഇരുസേനാ വിഭാഗവും സമ്മതിച്ചിട്ടുണ്ട്. തുറമുഖങ്ങൾ വഴിയും റോഡ് മാർഗവും ചരക്ക് നീക്കത്തിന് അവസരമൊരുക്കും. ജനവാസകേന്ദ്രങ്ങളിലെ ഗതാഗത തടസ്സങ്ങൾ നീക്കം ചെയ്യും.
തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.45ന് കരാർ പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ ഏറ്റുമുട്ടൽ നിർത്തിവെക്കാമെന്ന് ഇരുകക്ഷികളും മധ്യസ്ഥരോട് സമ്മതിച്ചു. വെടിനിർത്തൽ കാലയളവിൽ സൗദി, യു.എസ് മേൽനോട്ടത്തിലുള്ള നിരീക്ഷണ സംവിധാനമേർപ്പെടുത്തുമെന്ന നിർദേശം ഇരുവിഭാഗവും അംഗീകരിച്ചിട്ടുണ്ട്.
കരാറിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്രാധാന്യം കൽപിക്കാനും സൗദി അറേബ്യയും അമേരിക്കയും സുഡാനിലെ സൈനിക വിഭാഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിലേക്ക് നയിച്ച ജിദ്ദ ചർച്ചയിൽ പങ്കെടുത്ത സുഡാൻ കക്ഷികളുടെ പ്രതിനിധികളുടെ സഹകരണത്തെ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അഭിനന്ദിച്ചു.
കരാർ സുഡാനീസ് ജനതക്ക്, പ്രത്യേകിച്ച് തലസ്ഥാനമായ ഖാർത്തും നിവാസികൾക്ക് പ്രതീക്ഷയുടെ തിളക്കം പകരുന്നതാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കരാർ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. കഴിഞ്ഞ അഞ്ചാഴ്ചയായി വിനാശകരമായ സംഘർഷം കാരണം സുഡാനീസ് ജനത ദുരിതമനുഭവിക്കുകയാണെന്ന് സൗദിയും അമേരിക്കയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ജിദ്ദയിൽ നടക്കുന്ന ചർച്ചകൾ രാഷ്ട്രീയ പ്രക്രിയയായി കാണേണ്ടതില്ല. എങ്കിലും ശത്രുതക്ക് ശാശ്വതമായ വിരാമം കുറക്കുന്നതിനും ജനാധിപത്യ മാറ്റത്തിനും സിവിലിയൻ ഗവൺമെന്റ് രൂപവത്കരണത്തിനും രാഷ്ട്രീയ പ്രക്രിയ സജീവമാക്കുന്നതിനുള്ള നടപടികളെ തങ്ങൾ പിന്തുണക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.