ദമ്മാം: മലപ്പുറം എസ്.പി. സുജിത് ദാസിനെ മാറ്റിനിർത്തിയ കേരള സർക്കാർ നടപടി സ്വാഗതാർഹമാണ് പ്രവാസി വെൽഫയർ അഭിപ്രായപ്പെട്ടു. അദ്ദേഹം നേതൃത്വം കൊടുത്ത ഡാൻസാഫ് സംഘത്തിന്റെ മർദനമേറ്റാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കാരൻ മരണപ്പെട്ടത്. ആ കൊലപാതകത്തിൽ പ്രതിയാണ് എസ്.പി സുജിത് ദാസ്. അതിനാൽ അദ്ദേഹത്തിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കർശനമായ നിയമനടപടിക്ക് വിധേയനാക്കുകയും വേണം.
തൽക്കാലത്തേക്ക് ജനശ്രദ്ധ വഴിതിരിച്ച് വിടാനാകരുത് ഈ നടപടി. കേരള മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് പ്രവാസി വെൽഫയർ ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. തുടക്കം മുതലേ സുജിത്ത് ദാസിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. ഡാൻസാഫ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പൊലീസ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുകയാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി.
കൃത്രിമ തെളിവുകളുണ്ടാക്കി കള്ളക്കേസുകൾ സൃഷ്ടിച്ച് നിരപരാധികളെ ക്രൂരമായി മർദിക്കുന്നതിൽ കേരള പൊലീസിന് പ്രത്യേകം മിടുക്കാണ്. മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നതായി സംശയിക്കുന്നു. ജനാധിപത്യ, മനുഷ്യാവകാശ മൂല്യങ്ങൾക്ക് വലിയ വില കൽപിക്കുന്ന ആധുനിക സമൂഹത്തിനിണങ്ങാത്ത പ്രാകൃത പെരുമാറ്റം അലങ്കാരമായി കൊണ്ടുനടക്കുന്ന പൊലീസ് കേരളത്തിന് അപമാനമാണെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നുവന്നു. പ്രസിഡന്റ് അബ്ദുറഹിം, ഭാരവാഹികളായ സമീഉല്ല, മുഹ്സിൻ ആറ്റാശ്ശേരി, ബിജു പൂതക്കുളം, അയ്മൻ, തൻസീം കണ്ണൂർ, സാദത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.