റിയാദ്: ‘പുതുമ നിറഞ്ഞൊരു ലോകം പണിയാൻ ഒരുമയിൽ ചേർന്ന് വരുന്നവർ നാം...’ എന്ന് ഉറക്കെ ഏറ്റുപാടി കേളി കുടുംബവേദി സംഘടിപ്പിച്ച ‘കിളിക്കൂട്ടം’ പരിപാടി കുട്ടികളിലും കാഴ്ചക്കാരിലും നവ്യാനുഭവം ഉണ്ടാക്കി. റിയാദ് അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കുട്ടികളുടെ ക്യാമ്പ് വേനൽതുമ്പി കലാജാഥ സംസ്ഥാന പരിശീലകൻ മുസമ്മിൽ കുന്നുമ്മൽ നയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ക്യാമ്പ് മാനേജർ സുകേഷ്കുമാർ ബൊക്കെ നൽകി മുസമ്മലിനെ സ്വീകരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡൻറ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു. കുടുംബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ സീബ കൂവോട് സ്വാഗതം പറഞ്ഞു.
പ്രവാസലോകത്തെ കുട്ടികൾക്ക് അന്യമായ പാട്ടുകളും കളികളും കോർത്തിണക്കി സംഘടിപ്പിച്ച ഏകദിനക്യാമ്പ് കുട്ടികളെപ്പോലെതന്നെ ആടിയും പാടിയും മുതിർന്നവരും ആസ്വദിച്ചു. വിവിധ ജില്ലയിൽ നിന്ന് വന്ന കുട്ടികൾ മഞ്ഞുരുക്കൽ എന്ന കളിയിലൂടെ പരസ്പരം പരിചയപ്പെടുകയും എല്ലാവരും കൂടി ചേർന്ന് ഉച്ചത്തിൽ കൂകിക്കൊണ്ടു കിളിക്കൂട്ടം പരിപാടി കുട്ടികൾ തന്നെ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പായി തിരിഞ്ഞ് രാജാവിനെ കണ്ടെത്തിയും കൈകളിലെത്തിയ ബോട്ടിൽ അതിവേഗം കൈമാറിയും റിങ്ങിലൂടെ കയറിയിറങ്ങി സ്വന്തം ഗ്രൂപ്പിനെ ജയിപ്പിക്കാനുള്ള വാശിയോടെയുള്ള കളിയും പങ്കെടുത്ത മുഴുവൻ പേർക്കും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു.
മുസമ്മിലിനോടൊപ്പം സതീഷ് കുമാർ വളവിൽ, ഷെഫീഖ്, ഇ.കെ. രാജീവ്, ഷമൽരാജ്, റഫീഖ്, രഞ്ജിത്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സിജിൻ കൂവള്ളൂർ, സീന സെബിൻ, വിജില ബിജു, വി.എസ്. സജീന, ജി.പി. വിദ്യ, വി.കെ. ഷഹീബ, ഗീത ജയരാജ്, ജയകുമാർ, ദീപ രാജൻ, ജയരാജ്, ഫിറോസ് തയ്യിൽ, സുനിൽ കുമാർ, യു.സി. നൗഫൽ, റഷീദ്, സുനിൽ ബാലകൃഷ്ണൻ, സമീർ, കരീം, ജോർജ്, മുകുന്ദൻ, ഗഫൂർ ആനമങ്ങാട് എന്നിവർ കിളിക്കൂട്ടം പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.