ജിദ്ദ: ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിൽ സമ്മർ സ്പീഡ് ഫെസ്റ്റിവൽ കാറോട്ട ചാമ്പ്യൻഷിപ് മത്സരം ആരംഭിച്ചു. ആവേശകരവും വിനോദപ്രദവുമായ അന്തരീക്ഷത്തിൽ കോർണീഷ് സർക്യൂട്ടിലാണ് കാറോട്ടവും അതുമായി ബന്ധപ്പെട്ട ഫെസ്റ്റിവലും ആരംഭിച്ചത്. ഈ മാസം അവസാനം വരെ ഫെസ്റ്റിവൽ തുടരും. സൗദി ഫെഡറേഷൻ ഫോർ റോബോട്ടിക്സ് ആൻഡ് വയർലെസ് സ്പോർട്സിന്റെ മേൽനോട്ടത്തിലാണ് സമ്മർ സ്പീഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ചാമ്പ്യൻഷിപ് മത്സരത്തിൽ റിമോട്ട് കൺട്രോൾ കാർ റേസിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യത്യസ്തമായ വർക്ക്ഷോപ്പുകൾ, മോട്ടോർ സൈക്കിൾ ഷോകൾ, ക്ലാസിക്, പരിഷ്കരിച്ച കാർ ഷോകൾ എന്നിവയും ഫെസ്റ്റിവലിലുൾപ്പെടും. ഒരു ഫാസ്റ്റ് കാർ ടൂർ അനുഭവം ബുക്ക് ചെയ്യുന്നതിലൂടെ പങ്കെടുക്കുന്നവർക്ക് ആവേശവും ത്രില്ലും ഉത്സാഹവും അനുഭവിക്കാൻ കഴിയും. ജിദ്ദ കോർണീഷ് സർക്യൂട്ടിലെ പ്രഫഷനൽ ഡ്രൈവർമാരാണ് ഡ്രൈവ് ചെയ്യുക. ജിദ്ദ കോർണീഷ് സർക്യൂട്ട് 6175 കിലോമീറ്റർ വിസ്തൃതിയുള്ള നിലവിലെ ഫോർമുല വൺ കലണ്ടറിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതുമായ സ്ട്രീറ്റ് സർക്യൂട്ടാണ്. ഇടത് വശത്ത് 16 ഉം വലതുവശത്ത് 11 ഉം ഉൾപ്പെടെ മൊത്തം 27 തിരിവുകളും നിരവധി അതിവേഗ തിരിവുകളുമുള്ള സർക്യൂട്ടിലാണ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.